Uncategorized

അവസാനഘട്ടത്തിൽ വർഗീയ കാർഡ് ഇറക്കുന്നത് മുസ്‌ലിം ലീഗിന്റെ സ്ഥിരം രീതി;മുനാഫിഖ് പരാമർശത്തിനെതിരെ ഷാനവാസ് പാദൂര്‍

കാസര്‍കോട്: തനിക്കെതിരായ വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരണവുമായി
കാസര്‍കോട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍. വിദ്വേഷ പ്രചാരണം ജനങ്ങള്‍ തള്ളിക്കളയുമെന്നും അവസാന ഘട്ടത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത് മുസ്‌ലിം ലീഗിന്റെ സ്ഥിരം രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

വികസനം പറയാന്‍ ഇല്ലാത്തതുകൊണ്ട് വിദ്വേഷ പ്രചാരണം നടത്തുന്നു. ആദ്യം ഡീല്‍ ആരോപിച്ചു. രക്ഷയില്ലാതെ വന്നതോടെ വര്‍ഗീയ കാര്‍ഡ് ഇറക്കി. മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. വരും ദിവസങ്ങളിലും ഇത്തരം പണികള്‍ ലീഗ് നടത്തും. ഇത്തവണ കാസര്‍കോട്ടുകാരെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഷാനവാസ് പാദൂര്‍ പ്രതികരിച്ചു.

‘കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍’ എന്നാണ് ലീഗ് നേതാവ് ഷാനവാസ് പാദൂരിനെ
വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാന വിളിച്ചത്. മുളേളരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.
ഷാനവാസ് പാദൂരിന്റെ ഇലക്ഷന്‍ ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് പരാതി നല്‍കിയത്. വനിതാ ലീഗ് നേതാവിന്റെ പ്രസംഗം നാട്ടില്‍ സാമുദായിക ദ്രുവീകരണമുണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുളളതാണെന്നും അതിലുപയോഗിക്കുന്ന മുനാഫിക് എന്ന അറബി വാക്ക് മനപ്പൂര്‍വ്വം സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചതാണെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിന് വേണ്ടി സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുകയും സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുകയും ചെയ്ത ആയിഷത്ത് ഫര്‍സാനയ്ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button