സ്ത്രീത്വത്തെ അപമാനിച്ചു’; രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പാലക്കാട്ടെ മഹിളാമോർച്ചയുടെ പരാതി

പാലക്കാട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് കാട്ടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ മഹിളാമോർച്ചയുടെ പരാതി. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്ന് ആരോപിച്ചാണ് പരാതി. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കവിതാ മേനോൻ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി നടത്തിയ പരാമർശമാണ് മഹിളാമോർച്ചയുടെ പരാതിക്ക് കാരണം. മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു രമേഷ് പിഷാരടിയുടെ പരാമർശം ഉണ്ടായത്. രാഹുൽ ചെയ്ത കാര്യങ്ങൾ വ്യക്തിപരമെന്നും അതിനെ ചൂഴ്ന്ന് നോക്കാനാകില്ലല്ലോ എന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്. ഇതിനെതിരെയാണ് പരാതി.




