Uncategorized

യാത്രക്കാരന് നെഞ്ചുവേദന, സ്വകാര്യ ബസ് ആംബുലൻസാക്കി സാഹസിക യാത്ര; ജീവൻ പിടിച്ച് നിർത്താൻ ചെയ്യുന്നതെല്ലാം ചെയ്ത് 2 യുവാക്കളും, ഒടുവിൽ ആശ്വാസം

തൃശൂർ: യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സ്വകാര്യ ബസ് ആംബുലൻസ് ആയി മാറി. തിരുവില്വാമല തൃശൂർ റൂട്ടിലോടുന്ന ഹരേ കൃഷ്ണ എന്ന സ്വകാര്യ ബസാണ് സാഹസിക യാത്ര നടത്തി യാത്രക്കാരുടെ ജീവന് രക്ഷകരായത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ചേലക്കോട് സ്വദേശി 60 വയസുള്ള ഉണ്ണികൃഷ്ണനാണ് യാത്രയ്ക്കിടയിൽ ഉത്രാളിക്കാവിന് സമീപം വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അടുത്തിരുന്ന യാത്രക്കാരായ ചേലക്കര സ്വദേശി ശങ്കർ, തോന്നൂർക്കര സ്വദേശി പ്രസാദ് എന്നിവരുടെ ശ്രദ്ധയിൽ ഇത് പെടുകയും ഉടനെ തന്നെ ബസ് ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തു.

ഒട്ടും സമയം കളയാതെ ഇരുവരും ഉണ്ണികൃഷ്ണന്‍റെ നെഞ്ചിൽ അമർത്തി ശ്വാസം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ബസ് ഡ്രൈവർ അരുണും കണ്ടക്ടറായ മനോജും ചേർന്ന് അതിവേഗത്തിൽ ഉണ്ണികൃഷ്ണനെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉണ്ണികൃഷ്ണന് സിപിആർ നൽകി ശ്വാസം വീണ്ടെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിൽ ഒരു ജീവൻ വീണ്ടെടുക്കാനായ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. ആശുപത്രിയിലേക്ക് ബസ് കയറ്റുന്നതിനിടെ ബസിന്‍റെ മുൻവശവും പിൻവശവും റോഡിൽ ഇടിച്ച് കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് കയറുന്ന ഭാഗത്തെ അശാസ്ത്രീയ നിർമ്മാണം രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button