കുഴി നിറഞ്ഞ റോഡ്, ദുരിതം പേറി ഒരു നാട്; പതിറ്റാണ്ടാകാറായിട്ടും പരിഹാരമില്ല

തകഴി: കുഴി നിറഞ്ഞ റോഡ് കാരണം കനത്ത ദുരിതം പേറുകയാണ് ആലപ്പുഴ തകഴിയിലെ ഒരുകൂട്ടം നാട്ടുകാര്‍. ഒരു പതിറ്റാണ്ടോളമായി പൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാക്കാന്‍ അധികൃതരാരും ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
തകഴി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് കുഴി നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് പത്ത് വർഷമാകുന്നത്. ഇടയ്ക്കിടെ വമ്പന്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡിൽ വാഹനയാത്രയെന്നല്ല, കാല്‍നട യാത്ര പോലും ദുസ്സഹമാണ്.
തകഴി സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള ഏക യാത്രാ മര്‍ഗമാണ് കുഴി നിറഞ്ഞ് കിടക്കുന്നത്. പടഹാരം വഴി വരുന്ന യാത്രക്കാര്‍ക്ക് അമ്പലപ്പുഴയിലെത്തി ദേശീയപാതയില്‍ പ്രവേശിക്കാനുള്ള എളുപ്പ വഴിയാണിത്. ഇത്രയും പ്രാധാന്യമുള്ള റോഡായിട്ടും പാത നന്നാക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
റോഡ് നന്നാക്കാന്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പതിനൊന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെണ്ടറും പൂര്‍ത്തിയാക്കി. പക്ഷേ ഇതുവരെ പണി നടന്നിട്ടില്ല. പഴയ ടെന്‍ഡര്‍ റദ്ദാക്കിയെന്ന വിവരമാണ് നാട്ടുകാര്‍ക്ക് കിട്ടിയത്. കുട്ടനാട് എംഎല്‍എ ഉൾപ്പെടെ ഉള്ള ജനപ്രതിനിധികള്‍ക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇനിയെത്ര കാലം ദുരിതയാത്ര തുടരേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.




