Uncategorized

സ്വര്‍ണ ഇറക്കുമതിച്ചെലവ് പകുതിയോളം കുറഞ്ഞേക്കും; തീരുവ വര്‍ധന ഫലം കാണുന്നതായി കേന്ദ്രം

ഇറക്കുമതിത്തീരുവ ഉയര്‍ത്തിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയുന്നതായി കണക്കുകൾ. നടപ്പു സാമ്പത്തിക വര്‍ഷം സ്വര്‍ണ ഇറക്കുമതിക്കായി രാജ്യം ചെലവഴിക്കുന്ന തുക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞേക്കും. ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മിക്കും വിദേശനാണ്യം പുറത്തേക്കൊഴുകുന്നതിനും ഒരു പരിധി വരെ ആശ്വാസമാകും. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ ഇറക്കുമതി 35 ബില്യൺ മുതല്‍ 40 ബില്യൺ ഡോളര്‍ വരെയായി കുറഞ്ഞേക്കുമെന്ന് കേന്ദ്രം പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 71.98 ബില്യൺ ഡോളറായിരുന്നു. മേയില്‍ നടപ്പാക്കിയ പുതുക്കിയ ഇറക്കുമതിത്തീരുവയുടെ ഫലമായി വിദേശത്ത് നിന്നുള്ള സ്വര്‍ണത്തിന്റെ വരവ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഏപ്രില്‍- ഒക്ടോബറില്‍ 40% ഇടിവ്
2026- 27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഏകദേശം 40% കുറഞ്ഞ് 24.78 ബില്യൺ ഡോളറായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 41.24 ബില്യന്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. മേയില്‍ ഇറക്കുമതിത്തീരുവ കുത്തനെ ഉയര്‍ത്തിയതിനു പിന്നാലെയാണ് ഈ ഇടിവ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ സര്‍ക്കാര്‍ 6 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. അത്യാവശ്യമല്ലാത്ത ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും വിദേശരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ സമ്മര്‍ദം നിയന്ത്രിക്കുകയുമായിരുന്നു ലക്ഷ്യം.

രാജ്യത്തെ സ്വര്‍ണത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഇന്ത്യ വലിയ തോതില്‍ വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മൊത്തം ഇറക്കുമതിച്ചെലവില്‍ സ്വര്‍ണത്തിന് ഗണ്യമായ പങ്കുണ്ട്. സ്വര്‍ണ ഇറക്കുമതി കൂടുമ്പോള്‍ കൂടുതല്‍ വിദേശനാണ്യം രാജ്യത്തിനു പുറത്തേക്കുപോകും. ഇത് വ്യാപാരക്കമ്മി വര്‍ധിപ്പിക്കാനും വിദേശനാണ്യശേഖരത്തിനുമേല്‍ സമ്മര്‍ദമുണ്ടാക്കാനും ഇടയാക്കും. ചൈനയ്ക്കു പിന്നില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 58.01 ബില്യന്‍ ഡോളറായിരുന്ന സ്വര്‍ണ ഇറക്കുമതി 2025-26ല്‍ ഏകദേശം 72 ബില്യന്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, 2026-27ല്‍ പ്രതീക്ഷിക്കുന്ന ഇടിവ് വലിയൊരു വഴിത്തിരിവാകും. രാജ്യത്തിന്റെ വിദേശവ്യാപാരവുമായി ബന്ധപ്പെട്ട സമ്മര്‍ദം കുറയ്ക്കാനും ഇത് സഹായിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button