പഞ്ചഗുസ്തി ജേതാവിനെ മയക്കുമരുന്നു സംഘം മർദിച്ച് കൈയൊടിച്ചതായി പരാതി; ഭാര്യയ്ക്കും മകൾക്കും പരിക്ക്

തൃശൂർ: പഞ്ചഗുസ്തി ദേശീയ-അന്താരാഷ്ട്ര മെഡൽജേതാവും കേരളത്തിലെ അറിയപ്പെടുന്ന പഞ്ചഗുസ്തി താരവുമായ മണ്ണുത്തി കാളത്തോട് സ്വദേശി അബ്ദുൾ അസീസിനെ തൃശൂരിൽ മൂന്നംഗ മയക്കുമരുന്നു സംഘം മർദിച്ച് കൈയൊടിച്ചതായി പരാതി. സംഘത്തിന്റെ ആക്രമണത്തിൽ പഞ്ചഗുസ്തി താരത്തിന്റെ ഭാര്യക്കും മകൾക്കും പരിക്കേറ്റിട്ടുണ്ട്.
തനിക്കെതിരേ സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന മയക്കുമരുന്നു സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നും പൊലിസ് ഇവർക്കെതിരേ നടപടിയെടുത്തെങ്കിലും പ്രതികൾ രണ്ടുദിവസത്തിനകം പുറത്തിറങ്ങിയെന്നും അബ്ദുൾ അസീസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കായിക മന്ത്രി എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ടു പരാതി നൽകിയിട്ടുണ്ടെന്നും അബ്ദുൾ അസീസ് പറഞ്ഞു.
കഴിഞ്ഞ 16ന് പുലർച്ചെ രണ്ടോടെയാണ് ആക്രമികൾ അബ്ദുൾ അസീസിന്റെ തൃശൂർ റെയിൽവേ സ്റ്റേഷനടുത്ത ദിവാൻജി മൂലയിലുള്ള മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയിലെത്തി സംഘർഷമുണ്ടാക്കിയത്. അബ്ദുൾ അസീസിനെ മർദിക്കുന്നത് തടയാൻ ചെന്ന ഭാര്യയെയും മകളെയും മൂന്നംഗ സംഘം മർദിച്ചു.
കൈക്കും തലയ്ക്കും നെഞ്ചിനും പരിക്കേറ്റ അബ്ദുൾ അസീസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയിലായിരുന്നു. ഭക്ഷണശാലയുടെ തൊട്ടടുത്ത് രാത്രികാലങ്ങളിൽ പ്രതികൾ മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്നത് പലപ്പോഴും ചോദ്യം ചെയ്തിരുന്നുവെന്നും ഇതാണ് ആക്രമണത്തിനു കാരണമെന്നും പഞ്ചഗുസ്തിതാരം പറഞ്ഞു.




