Uncategorized

ചേർത്തല ദേവീക്ഷേത്രത്തിലെ കാളിക്കുളത്തിൽ യുവതി മുങ്ങിമരിച്ച നിലയിൽ; ഭർത്താവ് 2 ദിവസമായി തമിഴ്നാട്ടിലെന്ന് വിവരം, ദുരൂഹത

ചേർത്തല: ആലപ്പഴയിൽ ചേർത്തല ദേവീക്ഷേത്രത്തിലെ ആറാട്ട് നടക്കുന്ന കാളിക്കുളത്തിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മയിലാടുതുറൈ ഇളന്തോപ്പ് പെരിയ തെരുവ് സ്വദേശി സെന്തമിഴ്‌സെൽവന്റെ ഭാര്യ ഗൗരി (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.45-ഓടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ക്ഷേത്ര പരിസരത്തും സമീപപ്രദേശങ്ങളിലും അന്തിയുറങ്ങി ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇരുവരും ഉപജീവനം നടത്തിയിരുന്നത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണി വരെ ഗൗരിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, സെന്തമിഴ്‌സെൽവനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്നും ഇയാൾ നാട്ടിലേക്ക് പോയതായുമാണ് പ്രദേശവാസികൾ നൽകുന്ന വിവരം. കുളിക്കടവിന്റെ പടവുകളിൽ നിന്ന് യുവതിയുടെ സാരി, ചെരിപ്പ്, തുണിസഞ്ചികൾ, മൊബൈൽ ഫോൺ എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും ഭർത്താവിന്റെ അസാന്നിധ്യവും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.

വിവരമറിഞ്ഞെത്തിയ ചേർത്തല പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കടവിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും സെന്തമിഴ്‌സെൽവനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button