കോവളം സ്പാ പീഡനക്കേസ്: തിരുനെൽവേലി സ്വദേശിയായ ഇടപാടുകാരൻ പിടിയിൽ, അറസ്റ്റിലായവർ 14

തിരുവനന്തപുരം: കോവളത്തെ സ്പായിൽ വച്ച് ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കിയ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരു ഇടപാടുകാരനെ കൂടി അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശിയായ വീരപാണ്ഡ്യനാണ് പിടിയിലായത്. തിരുനെൽവേലിയിലെ വ്യാപാരികൾക്ക് പലിശയ്ക്ക് പണം നൽകുന്നയാളാണ് ഇയാൾ. പ്രതിയുടെ നാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ അഞ്ച് തവണ പീഡനത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ വച്ച് മൂന്ന് തവണയും കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് രണ്ട് തവണയുമാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. രാത്രികാലങ്ങളിൽ കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനായി പ്രതി സജിത്തിന് 30,000 രൂപ നൽകിയിരുന്നു. ഹോട്ടലിൽ എത്തിച്ച ശേഷം മറ്റ് ഇടപാടുകാരിൽനിന്ന് ഒരു ദിവസത്തേക്ക് 30,000 മുതൽ 40,000 രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയ്ക്ക് പൊലിസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ ആറുപേർ ഇടപാടുകാരാണ്. സ്പാ ഉടമകൾ, ഇവരുടെ ബിനാമികൾ, പെൺകുട്ടിയെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. വരും ദിവസങ്ങളിൽ കൂടുതൽ ഇടപാടുകാർ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.




