Uncategorized

നെടുമ്പാശേരി അപകടം; പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്ത് എക്‌സൈസ്

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്ക് എതിരെ നടപടിയുമായി എക്‌സൈസ്. 19 വയസ് മാത്രം പ്രായമുള്ള പ്രതി സുഹൈല്‍ മദ്യപിച്ച മൂന്ന് ബാറുകൾക്ക് എതിരെ കേസെടുത്തു. കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിനെതിരെയാണ് ആദ്യം കേസെടുത്തത് പിന്നാലെ വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് എന്നീ ബാറുകള്‍ക്കെതിരെയും കേസെടുത്തു. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിച്ചതും എക്‌സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും എക്‌സൈസ് പ്രതികരിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിനാണ് കേസ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണനയിലാണ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി.

അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചത് 150കിലോമീറ്ററിലധികം വേഗതയിലാണെന്ന് പ്രതി സുഹൈല്‍ മൊഴി നല്‍കി. അപകട സമയത്തെ വേഗതയറിയാന്‍ മിനി കൂപ്പര്‍ സര്‍വീസ് സെന്ററിലെ വിദഗ്ധര്‍ പരിശോധന നടത്തും. പ്രതി ശനിയാഴ്ച ഉച്ചയ്ക്ക് മുതല്‍ മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് വൈറ്റിലയിലെ ദയാ ബാറില്‍ കയറി മദ്യപിച്ചു. വൈകിട്ട് പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് ബാര്‍ ഹോട്ടലില്‍ വച്ചും മദ്യപിച്ചു. രാത്രി നെടുമ്പാശേരിയിലെ കോര്‍ട്ട് യാർഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിലേക്കും എത്തി മദ്യപിച്ച ശേഷമാണ് അപകടമുണ്ടായത്.

അതേസമയം സുഹൈലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ എംവിഡി ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ രണ്ട് സുഹൃത്തുകളെ കൂടി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അമീര്‍, ജോയല്‍ എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് അമിതവേഗതയില്‍ വാഹന ഓടിച്ചിട്ടും തടയാത്തതിന് ഇവര്‍ക്കെതിരെ കേസെടുക്കും. കഴിഞ്ഞദിവസം മറ്റൊരു സുഹൃത്തായ നിനവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപകട സമയത്ത് നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തിൽ തല്‍ക്ഷണം മരിച്ചിരുന്നു. പ്രതി സുഹൈല്‍ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ യുവാവ് മൂന്ന് ബാറുകളില്‍ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരാണ് മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button