Uncategorized

യു പി തെരഞ്ഞെടുപ്പ്: ’26 സീറ്റ്! ഞങ്ങളെന്താ ഭിക്ഷക്കാരാണോ?’; സീറ്റ് വിഭജനത്തിൽ പൊട്ടിത്തെറിച്ച് കോൺഗ്രസ് എംപി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ്. സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാകും മുന്‍പ് കോണ്‍ഗ്രസിന് 26 സീറ്റുകള്‍ മാത്രം പ്രാരംഭ ഓഫറായി മുന്നോട്ടുവെച്ച എസ്പിയുടെ നിലപാടിനെതിരെയാണ് സഹാറന്‍പൂര്‍ എംപിയും യുപി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായ ഇമ്രാന്‍ മസൂദ് രംഗത്തെത്തിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ നിലപാടുകള്‍ സഖ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഈ നീക്കം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യത്തിന് സഹായകരമല്ലെന്നും കോണ്‍ഗ്രസ് എംപി വിമര്‍ശിച്ചു.

‘സഖ്യത്തിനുള്ളില്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. സഖ്യത്തിന്റെ യോഗങ്ങളെല്ലാം ഡല്‍ഹിയിലാണ് നടന്നത്. എന്നാല്‍ ആ യോഗങ്ങള്‍ക്ക് പിന്നാലെ ഇത്തരമൊരു പ്രഖ്യാപനം നടത്തുകയും, ‘സാര്‍, 26 സീറ്റുകളില്‍ നിന്നാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്’ എന്ന് പറയുകയും ചെയ്യുന്നു. ഞങ്ങള്‍ നിങ്ങളോട് 26 സീറ്റുകള്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊന്നും നിങ്ങളോട് പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ യാചകരല്ല.

ഈ രീതി ഒരിക്കലും ഒരു സഖ്യത്തിന് നല്ലതല്ല. ഒരു സഖ്യം ഗൗരവമുള്ളതാകണമെങ്കില്‍ അതിന് ആത്മാര്‍ത്ഥതയും ഗൗരവവും ആവശ്യമാണ്. ഇവിടെ അത്തരമൊരു ഗൗരവം കാണുന്നില്ല. നിങ്ങള്‍ ഇത്തരത്തില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഏറെ വേദനാജനകമാണ്. നമുക്ക് സഖ്യകക്ഷികളാകാം. ബിജെപി പരാജയപ്പെടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. ഞാന്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറയാറുണ്ട്. അതുകൊണ്ട് ഈ നീക്കം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പല്ല,’ ഇമ്രാന്‍ മസൂദ് പറഞ്ഞു.

‘രണ്ടാം പട്ടിക നല്‍കാന്‍ ഞങ്ങള്‍ അവരുടെ വാതില്‍പ്പടിയില്‍ കാത്തുനില്‍ക്കുള്ള ഭിക്ഷക്കാരാണോ? നിങ്ങള്‍ സ്വന്തം നിലയ്ക്ക് പ്രഖ്യാപനം നടത്തുമ്പോള്‍ ഞങ്ങള്‍ എന്തിന് ലിസ്റ്റ് നല്‍കണം? ഞങ്ങളുടെ പാര്‍ട്ടിയെ ഞങ്ങള്‍ നോക്കിക്കൊള്ളാം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പോരാടുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. എന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പിനായി ഞാന്‍ പോരാടുക തന്നെ ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും മസൂദ് അതൃപ്തി പ്രകടമാക്കിയിരുന്നു. സഹാറന്‍പൂരിലടക്കം എസ്പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് സ്ഥലം എംപി കൂടിയായ അദ്ദേഹത്തെ ചൊടിപ്പിച്ചത്. സഹാറന്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥിക്കെതിരെ മസൂദ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ അമേഠി, റായ്ബറേലി അടക്കമുള്ള മണ്ഡലങ്ങളിലെ സീറ്റുകളടക്കമാണ് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കില്ല എന്നതാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട്.അതേസമയം, വിജയസാധ്യതയുള്ള സീറ്റുകളുടെ ലിസ്റ്റ് നല്‍കണമെന്ന് കോണ്‍ഗ്രസിനോട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. രണ്ട് വെവ്വേറെ പാര്‍ട്ടികളുടെ പ്രതിനിധികളായല്ല, മറിച്ച് ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി സംയുക്തമായി മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അഖിലേഷ് നിലപാട് വ്യക്തമാക്കിയത്.

‘ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്ത, നിങ്ങളുടെ ടീം നല്‍കിയ മുന്‍ഗണനാ പട്ടികയിലെ 26 സീറ്റുകള്‍ക്ക് പുറമെ, സാധ്യതയുള്ള മറ്റ് എല്ലാ സീറ്റുകളും കണ്ടെത്തി ഞങ്ങള്‍ക്ക് അയച്ചുതരിക. അതിനുശേഷം നമ്മള്‍ ഒരുമിച്ചിരുന്ന് ഏതെല്ലാം സീറ്റുകളിലും ഏതെല്ലാം സ്ഥാനാര്‍ത്ഥികളിലുമാണ് വിജയസാധ്യതയുള്ളതെന്ന് വിലയിരുത്തും. ഞങ്ങളുടെ വിലയിരുത്തലിന്റെയും വിജയത്തിന്റെ ഗണിതശാസ്ത്ര സമവാക്യങ്ങളുടെയും അടിസ്ഥാനത്തില്‍, ചില കാരണങ്ങളാല്‍ കോണ്‍ഗ്രസ് പരിഗണിക്കാതിരുന്ന നിരവധി വിജയിക്കാവുന്ന സീറ്റുകളെക്കുറിച്ച് കോണ്‍ഗ്രസിനോട് പറയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും,’ അഖിലേഷ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയും എസ്പി പുറത്തുവിട്ടിരുന്നു. ബെഹാത്, സഹാറന്‍പൂര്‍, കൈരാന, അമ്രോഹ, ലളിത്പൂര്‍ മണ്ഡലങ്ങളിലാണ് എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതില്‍ നാല് മുസ്‌ലിം സ്ഥാനാര്‍ത്ഥികളും ഒരു യാദവേതര ഒബിസി സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെടുന്നു.

ആഷു മാലികാണ് സഹാറന്‍പൂരില്‍ നിന്ന് മത്സരിക്കുന്നത്. കൈരാനയില്‍ നിന്ന് നഹിദ് ഹസന്‍, അംറോഹയില്‍ നിന്നും മെഹബൂബ് അലി, ലളിത്പൂറില്‍ നിന്നും ജ്യോതി ലോധിയും ബെഹത്തില്‍ നിന്ന് ഉമര്‍ അലി ഖാനുമാണ് മത്സരിക്കുന്നത്. സഹാറന്‍പൂര്‍, ബെഹാത് എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സിറ്റിങ് സീറ്റുകളില്‍ അവിടുത്തെ തന്നെ എംഎല്‍എമാരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത് എന്നാണ് എസ്പി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button