പരീക്ഷാ ക്രമക്കേട്: എസ്ഐടി അന്വേഷണത്തോട് സഹകരിക്കാതെ PSC, കമ്പ്യൂട്ടര്‍ വിട്ടുനല്‍കുന്നില്ല

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് അന്വേഷണവുമായി സഹകരിക്കാതെ പിഎസ്സി. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് പിഎസ്സി. പ്രധാന തെളിവ് പിടിച്ചെടുക്കാന്‍ വേണ്ടി കമ്പ്യൂട്ടര്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് എസ്ഐടി കത്ത് അയച്ചിരുന്നു. എന്നാല്‍ പരീക്ഷയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കമ്പ്യൂട്ടര്‍ ആവശ്യമാണെന്നാണ് പിഎസ്സി പറയുന്ന ന്യായം. നിലവില്‍ വിഷയത്തില്‍ എസ്ഐടി നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം പരീക്ഷാ ക്രമക്കേടില്‍ പരാതി പ്രവാഹം തുടരുകയാണ്. എസ്ഐടിക്ക് ലഭിച്ച പരാതികള്‍ 100 കടന്നു. മുഴുവന്‍ പരാതികളിലും എസ്ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് എസ്ഐടി കേസ് എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.




