Uncategorized

അതിരുവിട്ട് സൈബർ പോരാളികൾ;ഷാഫിയെ തള്ളിയതിനുപിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സൈബര്‍ പോര് കടുക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെയും സൈബര്‍ ആക്രമണം. ഷാഫി പറമ്പില്‍ എംപിയെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് നേരെയും മക്കള്‍ മറിയ ഉമ്മനും ചാണ്ടി ഉമ്മനും എതിരെയും സൈബര്‍ ആക്രമണം ശക്തമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയുള്ള സൈബര്‍ ആക്രമണവും തുടരുകയാണ്. ജെ എസ് ആഖിലിന് നേരെയും കെ സി വേണുഗോപാലിന് നേരെയും സൈബര്‍ ആക്രമണവുമായി ഷാഫി അനുകൂലികള്‍ രംഗത്തുണ്ട്.

ഇന്നലെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെ തള്ളിയും ഉമ്മന്‍ ചാണ്ടിയുടെ കുടുംബം രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ കുടംബത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പല കമന്റുകളും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി എന്നിരിക്കെയാണ് ചില കോണ്‍ഗ്രസ് അനുകൂല ഹാന്റിലുകളില്‍ നിന്ന് തന്നെ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. ഗ്രൂപ്പ് പ്രശ്‌നം കോണ്‍ഗ്രസില്‍ രൂക്ഷമായതിന് പിന്നാലെ തന്നെ സൈബര്‍ പോര്‍ വിളികള്‍ കടുക്കുന്നുണ്ടായിരുന്നു. വിവിധ ഗ്രൂപ്പുകളിലെ സൈബര്‍ പോരാളികള്‍ പരസ്പരം പോര്‍വിളികളുമായി രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.

ഇന്നലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങളും തുടര്‍ പ്രതികരണങ്ങളും പ്രശ്‌നം വഷളാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്ന പേര് ജെ എസ് അഖിലിന്റേതായിരുന്നു എന്ന് ഉണ്ണിത്താന്‍ വെളിപ്പെടുത്തിയതോടെയാണ് അഖിലിനും സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണ വീഡിയോകളുടെ അടിയില്‍ അതി രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആക്രമണം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും സൈബര്‍ പോരാളികള്‍ ഇളവ് നല്‍കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button