24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം; പുനലൂർ താലൂക്ക് ആശുപത്രിയിൽ വിജയകരമെന്ന് ആരോഗ്യമന്ത്രി; ഇനി നാല് ജില്ലകളിലേക്ക് കൂടി

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടിൽ വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷാ സെന്റർ പദ്ധതി പുനലൂരിൽ വിജയകരമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായതെന്നും സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ ജനങ്ങൾക്ക് വലിയ നേട്ടമുണ്ടായെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. പദ്ധതി മാതൃകാപരമായി മുന്നോട്ടുപോകുന്നതിൽ പുനലൂർ എം.എൽ.എ. സി. അജയപ്രസാദ് സംതൃപ്തി രേഖപ്പെടുത്തിയതായും പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞുപുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള റഫറൽ കേസുകൾ 30 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ അവലോകന യോഗത്തിൽ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM) സഹായത്തോടെ മൂന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയും രണ്ട് വീതം ഗൈനക്കോളജിസ്റ്റ്, അനസ്‌തറ്റിസ്റ്റ് എന്നിവരെയും ഒരു പീഡിയാട്രീഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്. മൂന്ന് സർജൻമാരെ കൂടി ഉടൻ നിയമിക്കും. പദ്ധതി നടപ്പാക്കിയതോടെ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രസവങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായതായി സൂപ്രണ്ട് യോഗത്തിൽ വിശദീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി സംസ്ഥാനത്തെ നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് വടകര ജില്ലാ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ 24×7 പ്രതീക്ഷാ സെന്ററുകൾ ആരംഭിക്കുന്നത്




