കുവൈത്തിനെ ലക്ഷ്യമാക്കിയുള്ള ഡ്രോൺ ആക്രമണശ്രമം പ്രതിരോധിച്ചതായി വ്യോമസേന; ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ച് വ്യോമസേന. കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫാണ് ഡ്രോൺ ആക്രമണ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമം നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ നടപടി സ്വീകരിച്ചതായി സൈന്യം വ്യക്തമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ, അത് ഡ്രോണുകളെ ആകാശത്തുവെച്ച് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായിരിക്കുമെന്ന് സൈന്യം വിശദീകരിച്ചു.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും നിർദേശമുണ്ട്. അതേസമയം, ഡ്രോണുകൾ എവിടെ നിന്നാണ് എത്തിയതെന്നോ ആക്രമണത്തിന്റെ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നോ സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഗൾഫ് മേഖലയിൽ സുരക്ഷാ സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണ ഭീഷണി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ച നടപടികളാണ് സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഹൂതികൾക്ക് തിരിച്ചടി
യെമനിലെ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തു. സൻആ, ഹൊദൈദ, അംറാൻ, സഅദ എന്നീ പ്രവിശ്യകളിലായി ഹൂതികളുടെ 60 സൈനിക കേന്ദ്രങ്ങൾ പൂർണമായും തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. യെമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയാണ് ഈ നടപടി സ്വീകരിച്ചത്. ഹൂതികളുടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണ ശേഷി ഇല്ലാതാക്കുക, കടൽ വഴിയുള്ള ഭീഷണികൾ തടയുക എന്നിവയായിരുന്നു ഈ സൈനിക നീക്കത്തിന്‍റെ പ്രധാന ലക്ഷ്യം.മലനിരകൾക്കുള്ളിൽ തുരങ്കങ്ങളുണ്ടാക്കി അതിൽ ഒളിപ്പിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളും, ഡ്രോണുകൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളും സഖ്യസേന തകർത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച റിയാദ് ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച ഒരു ഡ്രോൺ സഖ്യസേന ആകാശത്തുവെച്ചുതന്നെ വെടിവെച്ചിട്ട് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യസേനയുടെ ഈ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കുന്നത്.



