‘മനുഷ്യരുടെ സഹായമില്ലാതെ എഐ തനിയെ സൈബർ ആക്രമണം നടത്തുന്ന കാലം വരുന്നു’; മുന്നറിയിപ്പുമായി ഗൂഗിൾ

സൈബർ ലോകത്ത് ഗൗരവമേറിയ മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്. സൈബർ സുരക്ഷാ മേഖലയിൽ ഭീതിയുണർത്തുന്ന പുതിയൊരു അധ്യായത്തിന് തുടക്കമായിരിക്കുന്നു എന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ. സ്വയം നിയന്ത്രിത എഐ (autonomous AI) മനുഷ്യസഹായമില്ലാതെ സൈബർ ആക്രമണങ്ങൾ നടത്തുന്ന യുഗം ആരംഭിച്ചുവെന്നാണ് ഗൂഗിളിന്റെ ഭീഷണി നിരീക്ഷണ വിഭാഗമായ ഗൂഗിൾ ത്രെറ്റ് ഇന്റലിജൻസ് ഗ്രൂപ്പ് (GTIG) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സോഫ്റ്റ്വെയറുകളിലെ സുരക്ഷാ പോരായ്മകൾ കണ്ടെത്തി, മനുഷ്യരുടെ യാതൊരു സഹായവുമില്ലാതെ തനിയെ സൈബർ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള എഐ സംവിധാനങ്ങൾ ആക്രമണകാരികൾ ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് കമ്പനി പറയുന്നത്. exploit_agent എന്ന് പേരിട്ടിരിക്കുന്ന എ.ഐ ഹേക്കിംഗ് ഫ്രെയിംവർക്ക് ഗൂഗിൾ കണ്ടെത്തിയിട്ടുണ്ട്. സ്വതന്ത്രമായ ഒരു സെർവറിൽ നിന്നാണ് ഈ ഹേക്കിംഗ് ഫ്രെയിംവർക്ക് കണ്ടെത്തിയത്. ഏറ്റവും പുതിയ AI Threat Tracker റിപ്പോർട്ടിൽ ഇത് സംബന്ധിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
സോഫ്റ്റ്വെയർ കമ്പനികൾ സെക്യൂരിറ്റി അപ്ഡേറ്റുകൾ പുറത്തിറക്കുമ്പോൾ, മാറ്റങ്ങൾ വരാത്ത പഴയ കോഡും പുതിയ അപ്ഡേറ്റും എ.ഐ സിസ്റ്റം പരസ്പരം താരതമ്യം ചെയ്യുന്നു. സുരക്ഷാ കോഡുകളെ റിവേഴ്സ് എൻജിനീയറിംഗ് നടത്തി പോരായ്മകൾ കണ്ടെത്തും. ശേഷം അവ ഉപയോഗിച്ച് തനിയെ ആക്രമണം നടത്തുകയാണ് ചെയ്യുക.ഈ എ.ഐ ഫ്രെയിംവർക്ക് കണ്ടെത്തിയ സെർവറിൽ നിന്ന് ചോർത്തിയെടുത്ത ഡാറ്റയും, ഹാക്കിങ്ങിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കായുള്ള സ്ക്രിപ്റ്റുകളും ലഭിച്ചതായാണ് വിവരം. ഇവർ ഫ്രഞ്ച് മാധ്യമങ്ങൾ, വിനോദരംഗം, വിദ്യാഭ്യാസ മേഖലയിലുള്ള വെബ്സൈറ്റുകൾ എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
2026 സെപ്റ്റംബറിൽ ‘GreyNoise’ നൽകിയ റിപ്പോർട്ടിൽ പേപ്പർകട്ട് (PaperCut) സെർവറുകളെ ലക്ഷ്യമിട്ട് നൂറുകണക്കിന് എ.ഐ ഏജന്റുകളെ ഉപയോഗിച്ച് ആക്രമണം നടന്നിരുന്നതായി പരാമർശമുണ്ട്. എന്നാൽ ഈ എ.ഐ ആക്രമണങ്ങൾ അതിവേഗത്തിലാണെങ്കിലും അവ സുരക്ഷാ ട്രാക്കുകൾ അവശേഷിപ്പിക്കുന്നതിനാൽ തടയാൻ കഴിയുമെന്നും ഗൂഗിൾ പറയുന്നു. ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ പ്രതിരോധ സൗകര്യങ്ങളിലും എ.ഐ ഏജന്റുകളെ (agentic defense) തന്നെ ഏർപ്പെടുത്തണമെന്നും ഗൂഗിൾ പറയുന്നു.




