കണ്ണൂർ ജില്ലയിൽ 1225 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 78 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, 9 കടകള്‍ അടച്ചുപൂട്ടി

കണ്ണൂർ: ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്തുന്നതിനായുള്ള ‘ഹെൽത്തി കേരളം’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്ത പരിശോധന തുടരുന്നു. ജില്ലയിലുടനീളം 1225 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 78 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, 9 കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയും ചെയ്തു.
95 സ്ക്വാഡുകളാണ് പരിശോധനകളിൽ പങ്കെടുത്തത്. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, സോഡ-സോഫ്റ്റ് ഡ്രിങ്ക്-ഐസ് ഉത്പാദക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
നടപടികൾ ഇങ്ങനെ:
* ലീഗൽ നോട്ടീസ്: വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുക, ശുചിത്വക്കുറവ്, മലിനജലം പുറത്തേക്കൊഴുക്കുക, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കുക, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവർത്തിക്കുക തുടങ്ങിയ ന്യൂനതകൾ കണ്ടെത്തിയ 78 കടകൾക്കാണ് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടീസ് നൽകിയത്.
* കടകൾ അടച്ചുപൂട്ടി: തീർത്തും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ 8 കരിമ്പിൻ ജ്യൂസ് കടകളും രാമന്തള്ളി പഞ്ചായത്തിലെ ഒരു പലചരക്ക് കടയുമാണ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. ജലഗുണനിലവാര സർട്ടിഫിക്കറ്റോ ജീവനക്കാരുടെ ഹെൽത്ത് കാർഡോ ഇല്ലാതെയായിരുന്നു ഇവയുടെ പ്രവർത്തനം.
* പിഴ ഈടാക്കി: പൊതുസ്ഥലത്തെ പുകവലി നിയമലംഘനത്തിനും പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിനും കോട്പ (COTPA) ആക്ട് പ്രകാരം 12,000 രൂപയും, വിവിധ നിയമലംഘനങ്ങൾക്ക് കേരള പഞ്ചായത്തീരാജ് ആക്ട് പ്രകാരം 17,000 രൂപയും പിഴ ഈടാക്കി.
കടകളിലെ വാട്ടർ ടാങ്കിന്റെ ശുചിത്വം, ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ എന്നിവയും സ്ക്വാഡുകൾ പരിശോധിച്ചു. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.




