Uncategorized

നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കാളി; 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ലഷ്‌കറെ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ കുൽഗാം ജില്ലയിലെ ദേവ്‌സാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്യിബയുടെ കമാൻഡർ സുരക്ഷാ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഖ്രേവൻ ചദേർ അഷ്മുജി സ്വദേശിയായ 22 വയസുകാരൻ മുഹമ്മദ് ലത്തീഫ് ഭട്ട് എന്ന ലത്തീഫ് ബട്ട് ആണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

കുൽഗാം ജില്ലയിലെ സങ്കൽപോറ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. തുടർന്ന് സങ്കൽപോറയിലെ ഒരു പള്ളിക്കുള്ളിലാണ് ഇയാൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കീഴടങ്ങാൻ സുരക്ഷാ സേന ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ച ലത്തീഫ് സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായ ലത്തീഫിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബർ 11-ന് കുൽഗാമിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.2025ന്‍റെ തുടക്കത്തിലാണ് ലത്തീഫിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയത്. തുടർന്ന് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സജ്ജാദ് ഗുൽ വഴിയാണ് ഇയാൾ ലഷ്‌കറെ തൊയ്യിബയിലേക്കും അതിന്റെ പ്രോക്സി നെറ്റ്‌വർക്കിലേക്കും റിക്രൂട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം. അഷ്മുജി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടൂ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലത്തീഫ്, കുൽഗാം ഗവൺമെന്റ് ഡിഗ്രി കോളേജിൽ കുറച്ചുകാലം പഠിച്ചിരുന്നു. പിന്നീട് ആശാരിപ്പണി ചെയ്ത് വരികയായിരുന്നു. നവംബർ 16ന് കുൽഗാമിലെ ലാർനൂ ബൈപാസിനു സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലത്തീഫിന്‍റെ സഹായിയായ ഉമർ നിസാർ ഭട്ട് കൊല്ലപ്പെട്ടിരുന്നു. സങ്കൽപോറയിൽ ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button