Uncategorized

ഹൂതികൾക്കെതിരെ ശക്തമായ സൈനിക നീക്കം; 60 കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന

റിയാദ്: യെമനിലെ ഹൂതി വിമതരുടെ സൈനിക കരുത്ത് തകർത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം. സൻആ, ഹൊദൈദ, അംറാൻ, സഅദ എന്നീ പ്രവിശ്യകളിലായി ഹൂതികളുടെ 60 സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. യെമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയാണ് ഈ നടപടി സ്വീകരിച്ചത്.

ഹൂതികളുടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണ ശേഷി ഇല്ലാതാക്കുക, കടൽ വഴിയുള്ള ഭീഷണികൾ തടയുക എന്നിവയായിരുന്നു ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യം. മലനിരകൾക്കുള്ളിൽ തുരങ്കങ്ങളുണ്ടാക്കി അതിൽ ഒളിപ്പിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളും, ഡ്രോണുകൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളും സഖ്യസേന തകർത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച റിയാദ് ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച ഒരു ഡ്രോൺ സഖ്യസേന ആകാശത്തുവെച്ചുതന്നെ വെടിവെച്ചിട്ട് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യസേനയുടെ ഈ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. ചൊവ്വാഴ്ചയുണ്ടായ സുരക്ഷാ ഭീഷണിയെത്തുടർന്ന് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിലവിൽ ഭീഷണി ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധിച്ചതായി ബഹ്‌റൈൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. നേരത്തെ, സുരക്ഷാ ഭീഷണി സംബന്ധിച്ച് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് മനാമയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ജനങ്ങൾ പരിഭ്രാന്തരാകാതെ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button