കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം; കേസിൽ നാല് പേർ അറസ്റ്റിൽ, ഉപയോഗിച്ച ലോറിയും പിടികൂടി

തിരുവനന്തപുരം: കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ കേസിൽ നാല് പേർ അറസ്റ്റിൽ. മാലിന്യം തള്ളിയ ലോറിയും പിടിച്ചതായി തെങ്കാശി പൊലീസ് അറിയിച്ചു. മെഡിക്കൽ മാലിന്യം തള്ളുന്ന കേരളത്തിന്റെ നടപടിക്കെതിരെ തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. കേരളത്തിന്റെ മാലിന്യക്കൂമ്പാരം അല്ല തമിഴ്നാട് എന്ന ക്യാംപെയിൻ വീണ്ടും സജീവമായതിന് പിന്നാലെയാണ് തെങ്കാശി പൊലീസിന്റെ നടപടി. കേരളത്തിലെ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ മാലിന്യം അടക്കം രാത്രി തെങ്കാശി ശങ്കരൻകോവിലിലെ കൃഷിഭൂമിയിൽ തള്ളിയത് ബിജെപി വിവാദമാക്കിയിരുന്നു. മലയാളത്തിലുള്ള ഫ്ലക്സ് ബോർഡുകൾ, കേരളത്തിൽ വിൽപ്പനയ്ക്കുള്ള മരുന്നുകളുടെ ബോട്ടിലുകൾ തുടങ്ങിയവയാണ് ലോറിയിൽ എത്തിച്ച് തമിഴ്നാട്ടിൽ ഉപേക്ഷിച്ചത്. കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ കൃഷിഭൂമിയിലാണ് തള്ളുന്നത്. വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ഉയരുന്ന ആവശ്യം.
സംഭവത്തില്‍ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ലോറി ഡ്രൈവർ തിമ്മരാജ്, ഇടനിലക്കാരനായ വെള്ളദുരൈ അടക്കം നാല് തമിഴ്നാട് സ്വദേശികളെ തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യം തള്ളുന്നവർക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്നും ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും തെങ്കാശി എസ്പി ആർ സ്റ്റാലിൻ പറഞ്ഞു. 2024 ഡിസംബറിൽ തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികളിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. മാലിന്യം മുഴുവൻ 30 ട്രക്കുകളിലായി കേരള സർക്കാരിന് തിരികെ കൊണ്ടുപോകേണ്ടി വന്നതും നാണക്കേടായിരുന്നു.




