‘മറ്റുള്ളവരെ ആക്ഷേപിക്കുന്ന സ്വഭാവ വൈകൃതം ലൈസന്‍സായി കൊണ്ടുനടക്കരുത്’; ജി സുധാകരനെതിരെ എം ശിവപ്രസാദ്

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം മനു സി പുളിക്കലിനെതിരായ ജി സുധാകരന്റെ അധിക്ഷേപ പരാമാര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്. എന്നാല്‍ അതൊരു ലൈസന്‍സ് ആയി ജി സുധാകരന്‍ കൊണ്ടു നടക്കരുതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. മനു സി പുളിക്കലിനെതിരെ നടത്തിയ അര്‍ത്ഥശൂന്യമായ ആക്ഷേപം രാഷ്ട്രീയ ബോധ്യം ഉള്ളവര്‍ തള്ളിക്കളയുന്നതാണ്. എസ്എഫ്‌ഐ കാലം മുതല്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച് യുഡിഎഫ് ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാര്‍ത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സമരം നയിച്ചതിന് ജയില്‍വാസം അനുഭവിച്ച ആളാണ് മനു സി പുളിക്കലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തിയിട്ടും, സ്വന്തം അനുജനെ കൊലപ്പെടുത്തിയത് കെഎസ്‌യു ഗുണ്ടകളാണ് എന്ന കാര്യം പോലും മറന്ന്, ഇപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സുധാകരന് ഇതൊന്നും ഓര്‍മ്മയുണ്ടാവണമെന്നില്ലെന്ന് എസ്എഫ്‌ഐ നേതാവ് വിമര്‍ശിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇദ്ദേഹം ഏതു പാര്‍ട്ടി ബ്രാഞ്ചിന്റെ സെക്രട്ടറി ആയിരുന്നു എന്ന ചോദ്യം ആദ്യം സ്വയം ചോദിക്കുന്നത് നന്നാവുമെന്നും സുധാകരൻ മറുപടി നൽകി. ഓമനക്കുട്ടനെ പോലെ സാധാരണക്കാരനായ ഒരു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തെ പരസ്യമായി ആക്ഷേപിക്കാന്‍ സുധാകരന്‍ തയ്യാറായത് ഓര്‍മിപ്പിക്കുന്നെന്നും ശിവപ്രസാദ് പറഞ്ഞു.
എല്ലാം താഴെത്തട്ടിലെ പാര്‍ട്ടി സഖാക്കള്‍ ഇന്നും ഓര്‍ത്തു വെക്കുന്നുണ്ട്. സ്വയം സര്‍വ്വവിജ്ഞാന കോശമാണ് എന്ന അങ്ങയുടെ അഹങ്കാരവും അങ്ങ് തീര്‍ത്തത് സാധാരണപ്പെട്ട പാര്‍ട്ടി സഖാക്കളുടെ മുകളിലാണ്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സാധാരണക്കാരായ പാര്‍ട്ടി സഖാക്കള്‍ അവസരവാദിയായ നിങ്ങളെ നിഷ്‌കരുണം തള്ളിക്കളഞ്ഞത് എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.
കുട്ടനാട്ടിലെ പുതിയ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെയാണ് മനു സി പുളിക്കലിനെയും വിമര്‍ശിച്ചുകൊണ്ട് ജി സുധാകരന്‍ രംഗത്തെത്തിയത്. പ്രവര്‍ത്തന പരിചയമില്ലാത്ത ഇത്തരം സോപ്പ് കുട്ടപ്പന്മാരെ ഉള്‍ക്കൊള്ളാന്‍ കുട്ടനാടിന് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.




