‘ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു, ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണം’; ഷോക്കേറ്റ് മരിച്ച 13 കാരന്റെ കുടുംബം

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ചതിൽ പ്രതിഷേധം ശക്തം. നേരത്തെ തന്നെ പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനാസ്ഥയിൽ കർശന നടപടി വേണമെന്നാണ് മരിച്ച ജുനൈദിന്റെ കുടുംബം ആവശ്യപ്പെട്ടുന്നത്. ‘മോൻ പോയി, ഇനി ഇങ്ങനെ മറ്റാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന്’ ജുനൈദിന്റെ കുടുംബം പ്രതികരിച്ചു. സാധാരണ കളിയ്ക്കാൻ പോകുന്ന പോലെ പോയതായിരുന്നു ജുനൈദ്. മുമ്പും ഈ സ്ഥലത്ത് അനാസ്ഥ കണ്ടെത്തിയിട്ടുണ്ടെന്നും ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുതെന്നും ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാര് ആവശ്യപ്പെടുന്നത്.
അതേസമയം, ജുനൈദ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് കെഎസ്ഇബി. ജില്ല ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറ് ഇന്ന് രാവിലെ സംഭവസ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തും. പ്രദേശത്തെ വൈദ്യുതി ലൈനുകൾ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നെന്നും നടപടി എടുത്തില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. അപകടാവസ്ഥ നേരത്തെ തിരിച്ചറിയാനായില്ലെന്നും ട്രാക്ടറ് കൊണ്ട് പാടം ഉഴുന്നതിടെയായാവാം സ്റ്റേ വയറ് ഇളകിപ്പോയത് എന്നുമാണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറ് കെ ബിജുവിന്റെ വിശദീകരണം.
സംഭവത്തിൽ കെഎസ്ഇബി ഇന്നലെ കുട്ടിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമെന്നും അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി എടുക്കുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം രാത്രി കെസ്ഇബി വെന്നിയൂറ് സെക്ഷൻ ഓഫിസിൽ ഡിവൈഎഫ്ഐയും യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.




