അയോധ്യ സംഭാവന കൊളള: എസ് ഐ ടി രൂപീകരിച്ചതിൽ ദുരൂഹ; കേന്ദ്രത്തിനും യുപി സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ഡൽഹി: അയോധ്യ സംഭാവന കൊളള വീണ്ടും ഉയർത്തി കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ബിജെപി-ആർഎസ്എസ്-വിഎച്ച്പി ബന്ധമുള്ളവരെ സംരക്ഷിക്കാനാണ് ശ്രമമെന്നും എസ്ഐടി രൂപീകരിച്ചതിൽ ദുരൂഹതയെന്നും കോൺഗ്രസ് വിമർശിച്ചു. അന്വേഷണത്തിന്റെ പേരിൽ ജനങ്ങളെയും സുപ്രീം കോടതിയെയും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. സുപ്രീം കോടതി മേൽനോട്ടത്തിൽ എസ്ഐടി രൂപീകരിക്കണം എന്നത് ഉൾപ്പെടെ മൂന്ന് ആവശ്യങ്ങൾ കോൺഗ്രസ് മുന്നോട്ട് വച്ചു.
ചമ്പത് റായ്ക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് ചോദിച്ചു. സുപ്രീംകോടതിയിൽ മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകിയ റിപ്പോർട്ട് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത് ആരുടെ അനുമതിയോടെയെന്നും ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം രാജ്യത്തിന് വേദനയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ആദ്യ എസ്ഐടിയുടെ രൂപീകരണ വിജ്ഞാപനവും അന്വേഷണ നിർദ്ദേശങ്ങളും പരസ്യപ്പെടുത്തണമെന്നും ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവിടുകയും, ഏത് അധികാരത്തിലാണ് ഇവ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.കേസിൽ 8 പേരാണ് നിലവിൽ അറസ്റ്റിലായത്. ഇവരിൽ 7 പേരിൽ നിന്നായി 79.8 ലക്ഷം രൂപ പോലീസ് വീണ്ടെടുത്തിരുന്നു. വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ഏകദേശം 200 കോടിയുടെ കൊള്ളയാണ് അയോധ്യയിൽ നടന്നിട്ടുള്ളത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.




