സത്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കാനും തയ്യാർ; തിരുവഞ്ചൂരിനെ വേദിയിലിരുത്തി സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. സഭയ്‌ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് കോട്ടയം ഭദ്രസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. വിചിത്രമായ നിയമോപദേശത്തിലൂടെ സഭയ്ക്കുണ്ടായത് വലിയ മുറിവാണെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
‘മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കും അതിന്റെ സത്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ കൃത്യമായി തുറന്നുപറയേണ്ടി വരുമ്പോള്‍, രക്തസാക്ഷിത്വം ഏറ്റുവാങ്ങേണ്ടിവന്നാലും അതിന് തയ്യാറാണ്. വിചിത്രമായ നിയമോപദേശം മൂലം മലങ്കര സഭയ്‌ക്കേറ്റ മുറിവ് ഉണക്കിയെടുക്കേണ്ടത് ആവശ്യമാണ്. ആരാണോ ആ മുറിവ് ഉണ്ടാക്കിയത്, അവര്‍ തന്നെ മുറിവുണങ്ങാനായി ശ്രദ്ധിക്കണമെന്ന്, ഏറ്റവും ബഹുമാന്യനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സാറിന്റെ മുമ്പില്‍ വെച്ച് പറയുകയാണ്,’ അദ്ദേഹം പറഞ്ഞു.
എറിയുന്നത് ലഡു കൊണ്ടാണെങ്കിലും ഏറ് ഏറ് തന്നെയാണെന്നും, ലഡുവില്‍ സമാധാനം പൊതിഞ്ഞ് ഊക്കിനെറിഞ്ഞാല്‍ കൊള്ളുന്നവര്‍ക്ക് മുറിവേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസവും അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. മണര്‍കാട് പള്ളിയിലെ പ്രവേശനം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആണെന്നായിരുന്നു വിമര്‍ശനം. ചര്‍ച്ചകള്‍ക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാല്‍ നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വത സമാധാനത്തെ തച്ചുടയ്ക്കുവാന്‍ ശ്രമിച്ചുവെന്നാണ് ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ പ്രതികരിച്ചത്.
സഭ ഒന്നായാല്‍ സ്വര്‍ഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് സഭ ചൂണ്ടിക്കാട്ടി. മണര്‍കാടും, കോതമംഗലത്തും നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേല്‍പ്പിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ പരിഹാരം കാണുന്നത് ഇങ്ങനെയാണോയെന്നും ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന അധിപന്‍ യുഹാനോന്‍ മര്‍ ദീയസ്‌കോറസ് പ്രതികരിച്ചത്.
സമാധാനശ്രമം പാര്‍ട്ടിയിലുള്ളവര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ സമാധാനശ്രമത്തിന് തുരങ്കം വെച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവരാണ്. മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥമായ ശ്രമത്തെ പാര്‍ട്ടിയിലുള്ളവരും, ചില ഘടകകക്ഷികളും ചേര്‍ന്ന് തകിടം മറിച്ചുവെന്നും ആരോപണമുണ്ട്.
യാക്കോബായ സഭ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളിയതോടെയാണ് മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വഴിയൊരുങ്ങിയത്. കത്തീഡ്രലില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു.




