ഉത്തർപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് ഹര്‍ദീപ് സിങ് പുരി; രാജി അംഗീകരിച്ച് രാജ്യസഭാ ചെയർമാന്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹര്‍ദീപ് സിങ് പുരി. അദ്ദേഹത്തിന്റെ രാജി 2026 നവംബര്‍ 14 മുതല്‍ പ്രാബല്യത്തോടെ രാജ്യസഭാ ചെയര്മാന് സ്വീകരിച്ചതായി രാജ്യസഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ദീപ് സിങ് പുരി ഉത്തര്‍പ്രദേശില്‍ നിന്നുള്ള സീറ്റ് രാജിവെച്ചത്. മുന്‍ കേന്ദ്ര സഹമന്ത്രി എല്‍ മുരുഗന് രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നവംബര്‍ അഞ്ചിനാണ് അദ്ദേഹം മധ്യപ്രദേശില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
നവംബര്‍ മൂന്നിന് നടന്ന സൂക്ഷ്മപരിശോധന വേളയില്‍ കോണ്‍ഗ്രസ് നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ട് റിട്ടേണിങ് ഓഫീസര്‍ ഹര്‍ദീപ് സിങ് പുരിയുടെ നാമനിര്‍ദേശ പത്രിക അംഗീകരിക്കുകയായിരുന്നു.
തുടര്‍ന്ന് മത്സരരംഗത്തുണ്ടായിരുന്ന രാജ്കുമാര് ലോഹാനി, കാന്തെ സയന്ന എന്നീ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ നിരസിക്കപ്പെട്ടതോടെ മത്സരരംഗത്ത് പുരി മാത്രമാവുകയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
നേരത്തെ ഒക്ടോബര്‍ അഞ്ചിന്, ഉത്തര്‍പ്രദേശില്‍ ഒഴിവുവന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി 8 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയെയും ബി.എല്‍. വര്‍മയെയും ഒഴിവാക്കിയിരുന്നു. ബിജെപിയുടെ ഈ നീക്കം കേന്ദ്ര മന്ത്രിസഭയില്‍ സാധ്യമായ പുനഃസംഘടനയെക്കുറിച്ചുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.




