അമ്മയെ കുത്തിപരിക്കേൽപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ദിസ്പൂർ: ആസമിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അമ്മയെ മൂർച്ചയേറിയ ആയുധംകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. ഗുവാഹത്തിയിലെ ഈസ്റ്റ് ജ്യോതിനഗറിലെ വീട്ടിൽവച്ചാണ് ചന്ദ്രാണി കലിത എന്ന യുവതിയെ മകൻ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രാണിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്.
അമ്മയെ പരിക്കേൽപ്പിച്ചതിന് പിന്നാലെ സമീപത്തുള്ള കെട്ടിടത്തിന് മുകളിൽനിന്ന് വിദ്യാർഥി താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രാണിയെ ആക്രമിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മയെ കുത്തിയ ശേഷം മകൻ പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




