അങ്ങോട്ട് 4 ബസ്, ഇങ്ങോട്ട് 3; മഴയത്ത് ചോർന്നൊലിച്ചു, യാത്രക്കാരെ ചുറ്റിച്ച് മംഗളൂരുവിൽനിന്ന് തിരിച്ചുള്ള സർവീസും

പത്തനംതിട്ട യാത്രാ ദുരിതം വിട്ടൊഴിയാതെ പത്തനംതിട്ട മംഗളൂരു കെഎസ്ആർടിസി ബസ് സർവീസ്. മംഗളൂരുവിൽനിന്നു മടങ്ങി വരുന്നതിനിടെ മഴയിൽ ബസ് ചോർന്നതിനെ തുടർന്ന് തൃശൂരിൽ ബസ് മാറ്റിയതടക്കം മൂന്ന് ബസുകൾ കയറി ഇറങ്ങിയാണു യാത്രക്കാർ രണ്ടര മണിക്കൂർ വൈകി പത്തനംതിട്ട ഡിപ്പോയിൽ എത്തിയത്.ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക പത്തനംതിട്ടയിൽനിന്ന് മംഗളൂരുവിലേക്കു പോകുമ്പോൾ വാഹനത്തിന്റെ തകരാറും പെർമിറ്റ് ഇല്ലാത്തതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ നാല് ഡിപ്പോകളിൽ ബസുകൾ മാറ്റി അഞ്ച് മണിക്കൂറോളം വൈകിയാണ് മംഗളൂരുവിൽ യാത്രക്കാർ എത്തിയത്. ദുരിതയാത്രയിൽ കോളജ് വിദ്യാർഥികളും ശബരിമല ദർശനത്തിനുശേഷം മടങ്ങിയ തീർഥാടകരും അടക്കമുള്ളവർ ബസിൽ ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയിൽ മൂന്ന് ബസുകൾ മാറിക്കയറേണ്ട സാഹചര്യമായിരുന്നു യാത്രക്കാർക്ക് ഉണ്ടായത്. പെർമിറ്റ് ഇല്ലാത്ത കാരണത്താൽ ശനിയാഴ്ച കാസർകോട് ഡിപ്പോയിലെ എസിപി 196 ബസിലാണ് യാത്രക്കാർ മംഗലാപുരത്ത് എത്തുന്നത്. ഈ ബസിലാണ് ഞായറാഴ്‌ചത്തെ മടക്കം. ബസ് രാത്രി കാസർകോട്ടെ ഡിപ്പോയിൽ തിരികെ കൊടുത്ത ശേഷം എസി 127 നമ്പരിലുള്ള ബസിലായിരുന്നു തുടർയാത്ര.ഇന്നലെ പുലർച്ചെ നാല് മണിയോടെ ബസ് തൃശൂരിലേക്കു വരുംവഴി, പെയ്‌ത കനത്ത മഴയിൽ ചോർന്നൊലിക്കാൻ തുടങ്ങി. തുടർന്ന് യാത്രക്കാർ പരാതി ഉയർത്തി. ചിലർ തിരുവനന്തപുരം കൺട്രോൾ റൂമിലും വിവരം അറിയിച്ചു. ഇതേത്തുടർന്ന് തൃശൂർ ഡിപ്പോയിൽനിന്ന് ആർടിസി 439 നമ്പരിലുള്ള ഫാസ്റ്റ‌് ബസ് നൽകി. യാത്രക്കാർ എല്ലാവരും ഇതിലേക്കു വീണ്ടും മാറി കയറി. ഇന്നലെ രാവിലെ 9.30 നാണ് ബസ് പത്തനംതിട്ട ഡിപ്പോയിൽ എത്തിയത്. സമയത്ത് ഓടിയിരുന്നെങ്കിൽ ഏഴ് മണിക്ക് ഡിപ്പോയിൽ എത്തേണ്ടതായിരുന്നു.ഈ റൂട്ടിൽ സ്ഥഥിരമായി സർവീസ് നടത്തിയിരുന്നത് കെഎസ് 47, കെഎസ് 97 എന്നീ ബസുകളായിരുന്നു. സെൻസർ തകരാറിനെ തുടർന്ന് ഓടാൻ കഴിയാതെ കെഎസ് 97 പത്തനംതിട്ട ഡിപ്പോയിൽ കിടപ്പുണ്ട്. ബജറ്റ് ടൂറിസത്തിനായി ഈ ബസുകൾ വിട്ടു നൽകാറുണ്ട്. ദീർഘദൂര യാത്രയ്ക്കു ബുക്ക് ചെയ്യുമ്പോൾ ഓൺലൈനിൽ കാണുന്ന ബസുകളല്ല സർവീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ പരാതി.




