തലക്കാണി ഗവ. യു.പി. സ്കൂളിന് അഭിമാനകരമായ നേട്ടം: ഇരിട്ടി ഉപജില്ലാ കലോത്സവം യു.പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഇരിട്ടി: ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ തലക്കാണി ഗവ. യു.പി. സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിന് ചരിത്രപരമായ നേട്ടം സമ്മാനിച്ച കൊച്ചുകൂട്ടായ്മയുടെ വിജയാഘോഷം നാടിനും ഏറെ ആവേശമായി. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളിന് ചുറ്റും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിളംബര ജാതയും വിജയാഹ്ലാദ പ്രകടനവും നടന്നു.
ചടങ്ങിൽ ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ.കെ, ഷിൻ്റോ കെ.സി, വിപിൻ കെ എന്നിവർ ആശംസകൾ നേർന്നും ചടങ്ങിന് നേതൃത്വം നൽകിയും സംസാരിച്ചു. ഉപജില്ലാ കലോത്സവ വേദികളിൽ മികച്ച പ്രതിഭ തെളിയിച്ച കുട്ടികളെയും അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് അഭിനന്ദിച്ചു.




