‘നാറീട്ട് നിൽക്കാൻ വയ്യ’: മൈസൂരിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പാറ്റയും ചോരയും; മലയാളി വിദ്യാർഥികൾ ദുരിതത്തിൽ

കോഴിക്കോട്: മൈസൂരിലെ വിവിധ കോളേജുകളിൽ ഉന്നത പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽ നൽകുന്നത് അതീവ വൃത്തിഹീനമായ ഭക്ഷണമാണെന്ന് പരാതി. നേഴ്സിങ് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളാണ് ദുരിതമനുഭവിക്കുന്നത്. ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസിയുടെ ഹോസ്റ്റലിലാണ് വൃത്തിഹീനമായ ഭക്ഷണം നൽകുന്നത്.
ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിൽ നിന്ന് പാറ്റ, മുടി എന്നിവ കണ്ടെത്തിയെന്ന് വിദ്യാർഥികൾ പറയുന്നു. ദിവസങ്ങളോളം പഴക്കമുള്ളതും പൂപ്പൽ അരിച്ചതുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. ‘ഗ്ലോബൽ എജുക്കേഷൻ ഏജൻസി’ എന്ന സ്ഥാപനം വഴിയാണ് കാവേരി, സിഗ്മ, വിദ്യാവികാസ് തുടങ്ങിയ കോളേജുകളിൽ വിദ്യാർഥികൾ അഡ്‌മിഷൻ നേടിയത്. കേരളീയ ഭക്ഷണവും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് കുട്ടികളെ ഈ ഹോസ്റ്റലുകളിൽ താമസിപ്പിക്കുന്നത്.
പരാതിപ്പെടുന്നവരെ ഏജൻസി അധികൃതർ കായികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്. പെൺകുട്ടികളെപ്പോലും ഇവർ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. കോളേജ് അധികൃതർ ഏജൻസിക്കൊപ്പമാണ് നിൽക്കുന്നതെന്നും അതിനാൽ പരാതി നൽകാൻ പോലും സാധിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. തങ്ങൾ നേരിടുന്ന ഈ ക്രൂരത പുറംലോകത്തെ അറിയിക്കാനായി വിദ്യാർത്ഥികൾ തന്നെ ചിത്രീകരിച്ചതാണ് ദൃശ്യങ്ങൾ. വിഷയത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.




