കളക്ടറുടെ ഉത്തരവ് മറികടന്ന് കണ്ണൂരിലെ ചിന്മയ വിദ്യാലയം;കുട്ടികളെത്തിയതിനാൽ ഉച്ചവരെ പ്രവർത്തിക്കുമെന്ന് അധികൃതർ

കണ്ണൂര്‍: ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് തുറന്ന് പ്രവര്‍ത്തിച്ച് കണ്ണൂര്‍ ചാലയിലെ ചിന്മയ വിദ്യാലയം. ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കളക്ടര്‍ അവധി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികള്‍ ഇതിനകം സ്കൂളിലെത്തിയിരുന്നു എന്നാണ് വിദ്യാലയത്തിന്റെ ന്യായീകരണം. അതിനാല്‍ ഉച്ചവരെ സ്കൂള്‍ പ്രവര്‍ത്തിക്കുമെന്നും ചിന്മയ അധികൃതര്‍ പറയുന്നു.കണ്ണൂർ ജില്ലയിൽ ഇന്ന് അടിയന്തിരമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി കളക്ടർ വ്യക്തമാക്കിയിരുന്നു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും നിർദ്ദേശമുണ്ടായിരുന്നു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
അതേസമയം, കണ്ണൂർ ഉളിക്കൽ വയത്തൂർ പാലത്തിന് മുകളിൽ വെള്ളം കയറി. മലയോര മേഖലയിലും കർണാടക വന മേഖലയിലും ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ ജനങ്ങൾക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.




