യുഡിഎഫ് സർക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭത്തിന് ഒരുങ്ങി കേരള പ്രവാസി സംഘം

യുഡിഎഫ് സർക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി കേരള പ്രവാസി സംഘം. പ്രവാസി ക്ഷേമപദ്ധതികളോടുള്ള ബജറ്റിലെ അവഗണന, പ്രവാസി പെൻഷൻ കുടിശ്ശിക, ക്ഷേമനിധി ബോർഡിനോടുള്ള അവഗണന, സർക്കാർ സാമ്പത്തിക സഹായം നൽകാതെ പെൻഷൻ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്ന നടപടി, ലോക കേരള സഭ ഇല്ലാതാക്കിയത്, ഏറ്റവും ഒടുവിൽ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ തകർക്കാനുള്ള നീക്കം എന്നിവക്കെതിരെയാണ് പ്രക്ഷോഭം.നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഇരട്ടിയും മൂന്നിരട്ടിയുമായി വർധിപ്പിച്ചതിലൂടെ ഏതാണ്ട് അഞ്ച് ലക്ഷം പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാകേണ്ട ആരോഗ്യസുരക്ഷാ പദ്ധതിയുടെ നിലനിൽപ്പാണ് സർക്കാർ അപകടത്തിലാക്കുന്നതെന്ന് കേരള പ്രവാസി സംഘം ചൂണ്ടിക്കാട്ടി.നവംബർ 13, 14, 15 തീയതികളിൽ ഏരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണയും പത്തുലക്ഷം പേരുടെ ഒപ്പുശേഖരണവും സംഘടിപ്പിക്കും. നവംബർ 19-ന് ജില്ലാ കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. നവംബർ 26, 27 തീയതികളിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ സത്യാഗ്രഹം സംഘടിപ്പിക്കും. ശേഖരിക്കുന്ന പത്തുലക്ഷം ഒപ്പുകൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.ഈ പ്രക്ഷോഭം കേരള പ്രവാസി സംഘത്തിന്റെ മാത്രം സമരമല്ല, മുഴുവൻ പ്രവാസി സമൂഹത്തിന്റെയും പ്രതിഷേധമായി മാറണമെന്ന് സംഘടന ആഗ്രഹിക്കുന്നു. എല്ലാ വിഭാഗം പ്രവാസികളെയും സമാന പ്രവാസി സംഘടനകളെയും വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകളെയും ലോക കേരള സഭ അംഗങ്ങളെയും ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുകയാണ്. പ്രവാസി സമൂഹത്തിന്റെ പൊതുവായ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയുള്ള ഐക്യപ്രക്ഷോഭമായി ഇതിനെ മാറ്റാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും അറിയിച്ചു.



