കൗമാരക്കാരനെയും പിതാവിനെയും വസ്ത്രമില്ലാതെ നടത്തിച്ചു; പ്രതികളെ പിടികൂടി അതേ സ്ഥലത്ത് വസ്ത്രമില്ലാതെ നടത്തിച്ച് പൊലീസ് !

കൊൽക്കത്ത: പ്രണയബന്ധത്തിന്റെ പേരിൽ പതിനേഴുകാരനായ വിദ്യാർത്ഥിയെയും പിതാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് അതേ പ്രദേശത്തുകൂടി വസ്ത്രം ഇല്ലാതെ നടത്തിച്ച് കൊൽക്കത്ത പോലീസ് തെളിവെടുപ്പ് നടത്തി . കൊൽക്കത്തയിലെ ബെഹാലയിലുള്ള സർസുന പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുദിറാം മേഖലയിലാണ് സംഭവം അരങ്ങേറിയത്.
കൗമാരക്കാരനുമായി സൗഹൃദത്തിലായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്, അമ്മാവൻ, മൂത്ത സഹോദരൻ എന്നിവരെയാണ് കുറ്റകൃത്യം പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായി അരയിൽ കയർകെട്ടി നാട്ടുകാരുടെ മുന്നിലൂടെ വസ്ത്രം ഇല്ലാതെ പോലീസ് നടത്തിയത്. വന്‍ ജനക്കൂട്ടം പൊലീസിന്റെ പ്രവര്‍ത്തി കാണാന്‍ തടിച്ചുകൂടിയിരുന്നു.ഇതിന്റെ വീഡിയോകളും പിന്നീട് വൈറലായി.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർസുന പ്രദേശത്ത് വെച്ച് പെൺകുട്ടിയെ കാണാനെത്തിയ പതിനേഴുകാരനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തടഞ്ഞുവെച്ച് അടുത്തുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുട്ടിയുടെ പിതാവിനെയും സംഘം ക്രൂരമായി മർദ്ദിക്കുകയും നടുറോഡിലൂടെ ഷര്‍ട്ട് ഇടാന്‍ അനുവദിക്കാതെ നിർബന്ധിച്ച് നടത്തിച്ച് പരസ്യമായി അപമാനിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കൊൽക്കത്ത പോലീസ് സ്വമേധയാ ഇടപെട്ട് മൂന്ന് പ്രതികളെയും പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും, നിയമവിരുദ്ധമായി ആളുകളെ തടഞ്ഞുവെക്കൽ, അക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നും കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കി.




