ശശികല ഉള്‍പ്പെടെയുള്ളവര്‍ വൃത്തികേട് പ്രചരിപ്പിക്കുന്നു, മാനുഷികമായ മര്യാദ കാണിക്കണം’: മരിച്ച ഗോപികയുടെ കുടുംബം

കൊച്ചി: മദ്യലഹരിയില്‍ മിനി കൂപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതി സുഹൈല്‍ സജീവിനായി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മരിച്ച ഗോപികയുടെ കുടുംബം. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനാണ് എന്നാണ് സംശയം. മുകളില്‍ നിന്നും ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും വാപ്പ നോക്കിക്കോളുമെന്ന് പറയുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലാണെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്‌ഐആറിലില്ല. ഇതെല്ലാം കേസ് ആട്ടിമറിക്കാന്‍ ആണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം വീണ്ടും ബോഡി തുറന്ന് റീപോസ്റ്റ് മോര്‍ട്ടം ചെയ്തു. രക്ത സാംപിള്‍ എടുത്തിട്ടുണ്ട്. ഇത് എന്തിനാണെന്ന് അറിയില്ല. ഇവനെ വെറുതെ വിട്ടാല്‍ നാളെ മറ്റു പാവപ്പെട്ടവന്‍റെ മക്കള്‍ക്കും ഈ ഗതി വരും. പണം കൊണ്ട് നേരിടാനാകില്ലെങ്കിലും നിയമം കൊണ്ട് നേരിടുമെന്നും കുടുംബം പറഞ്ഞു.
മകള്‍ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവര്‍ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. ശശികലയടക്കം എന്തെല്ലാം വൃത്തികേടുകളാണ് സമൂഹത്തോട് പറയുന്നത്. മാനുഷികമായ മര്യാദ കുടുംബത്തോട് കാണിക്കണം. ഞങ്ങളുടെ കുടുംബത്തിനും കുട്ടിക്കുമെതിരെ ശശികല പറഞ്ഞ വൃത്തികേടുകള്‍ ആയിരക്കണക്കിന് പേരാണ് മരിച്ചവരെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.
രാഷ്ട്രീയ നേതാക്കളടക്കം മര്യാദ കാണിക്കണം. ശശികലയൊക്കെ സമൂഹത്തിലിറങ്ങി അന്വേഷിക്കണം. മുസ്‌ലിമായ വ്യക്തിയുടെ കൂടെ ഹിന്ദു പെണ്‍കുട്ടി പോയതെന്തിനാണെന്നാണ് ചോദിക്കുന്നത്. ഇതൊക്കെ അങ്ങേയറ്റം മോശമായ കാര്യമാണ്. ഇവര്‍ക്കും മക്കളില്ലേ എന്ന് ഗോപികയുടെ കുടുംബം ചോദിക്കുന്നു.




