Uncategorized

ഓസ്ട്രാഹിന്ദ് 2026, തിരുവനന്തപുരത്ത് ഇന്ത്യ–ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം, 240 സൈനികർ പങ്കെടുക്കുന്നു

.
ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്ന നിർണായക സൈനികാഭ്യാസത്തിന് കേരളം വേദിയാകുന്നു. തിരുവനന്തപുരത്തെ ഫോറിൻ ട്രെയിനിങ് നോഡിൽ നടക്കുന്ന അഞ്ചാമത് ഇന്ത്യ–ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസമായ AUSTRAHIND 2026 ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ സന്ദർശിച്ചു. ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഈ അഭ്യാസത്തിനുള്ള പ്രാധാന്യനത്തെ കുറിച്ച് ഹൈക്കമ്മീഷണർ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിൽനിന്നും ഓസ്‌ട്രേലിയൻ സൈന്യത്തിൽനിന്നുമായി ഏകദേശം 240 സൈനികരാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സംഘത്തിൽ ഗർവാൾ റൈഫിൾസ് വിഭാഗത്തിലെ സൈനികരും മറ്റ് സൈനിക വിഭാഗങ്ങളിലെ അംഗങ്ങളുമുണ്ട്. ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് 13-ാം ബ്രിഗേഡിലെ സൈനികരാണ് പങ്കെടുക്കുന്നത്. ഒക്ടോബർ 19ന് ആരംഭിച്ച അഭ്യാസം നവംബർ ഒന്നുവരെ തുടരും.ദ്വീപ്, തീരദേശ മേഖലകളിലെ സങ്കീർണമായ സുരക്ഷാ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സംയുക്ത പരിശീലനമാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ഏഴാം അധ്യായത്തിന് കീഴിലുള്ള ഉപ-പരമ്പരാഗത സൈനിക നടപടികളാണ് ഇത്തവണത്തെ അഭ്യാസത്തിന്റെ പ്രമേയം. ശത്രുവിനെതിരായ തന്ത്രപരമായ നീക്കങ്ങൾ, സംയുക്ത ആസൂത്രണം, നിരീക്ഷണം, രഹസ്യാന്വേഷണം, തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ എന്നിവയിൽ സൈനികർ പരിശീലനം നേടും.കര, വ്യോമ, സമുദ്ര മേഖലകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും അഭ്യാസത്തിൽ പ്രാധാന്യമുണ്ട്. തീരദേശ–ദ്വീപ് മേഖലകളിലെ സൈനിക നീക്കങ്ങൾക്കൊപ്പം ഡ്രോൺ പ്രവർത്തനങ്ങൾ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പ് എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. ദുരന്തസമയത്തെ മാനുഷിക സഹായവും രക്ഷാപ്രവർത്തനവും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ നേരിടാനുള്ള ശേഷിയും വർധിപ്പിക്കുകയാണ് ലക്ഷ്യം.ഈ വർഷത്തെ അഭ്യാസത്തിന്റെ മറ്റൊരു പ്രത്യേകത ന്യൂസിലൻഡിൽനിന്നുള്ള നിരീക്ഷക സംഘം ആദ്യമായി പങ്കെടുക്കുന്നു എന്നതാണ്. ഇന്ത്യ–ഓസ്‌ട്രേലിയ സംയുക്ത അഭ്യാസത്തിൽ ഈ പങ്കാളിത്തം പ്രാദേശിക പ്രതിരോധ സഹകരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. സൈനിക പരിശീലനം, പരസ്പര അനുഭവങ്ങൾ പങ്കുവയ്ക്കൽ, സംയുക്ത പ്രവർത്തനശേഷി വർധിപ്പിക്കൽ എന്നിവയിലൂടെ ഇൻഡോ–പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുകയാണ് AUSTRAHIND 2026 ലക്ഷ്യമിടുന്നതെന്ന് കരസേന വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button