പട്ടാഴിയിലേത് തട്ടിക്കൊണ്ടുപോകലല്ല, വാത്സല്യത്തോടെ കുട്ടിയോട് വിശേഷം ചോദിച്ചതാണെന്ന് കുടുംബം; വിശദീകരണവുമായി പൊലീസും

കൊല്ലം: കൊല്ലം പട്ടാഴിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നിട്ടില്ലെന്ന് റൂറൽ പൊലീസ് വ്യക്തമാക്കി. പരാതിക്ക് കാരണമായ കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പട്ടാഴിയിൽ ബന്ധുവീട്ടിൽ വന്ന കുടുംബമായിരുന്നു. കുട്ടിയെ കണ്ടപ്പോൾ വാത്സല്യത്തോടെ വിശേഷം ചോദിച്ചതാണെന്ന് കാറിലുണ്ടായിരുന്ന കുടുംബം പൊലീസിനെ അറിയിച്ചു.
വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന കുട്ടിയെ വെളളക്കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ റൂറൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. പത്തനംതിട്ടയിലെ തട്ടിക്കൊണ്ടു പോകൽ പരാതികൾക്ക് പിന്നാലെയാണ് കൊല്ലത്തും അതേ ദിവസം അതേ രീതിയിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്ന് പരാതി ഉയർന്നത്.
പട്ടാഴി ഇരുപ്പാക്കുഴിയിൽ വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന ഒന്നാം ക്ലാസുകാരന് അരികിൽ വെളള നിറത്തിലുള്ള കാർ വന്നു നിന്നു. കാറിലുണ്ടായിരുന്നവർ കുട്ടിയോട് വാഹനത്തിൽ കയറാൻ പറഞ്ഞു. കുട്ടി കയറിയില്ല. കുട്ടിയെ പതിവായി ട്യൂഷന് കൊണ്ടു പോകുന്ന പ്രദേശവാസിയായ സ്‌ത്രീ സ്‌കൂട്ടറിൽ വന്നതോടെ കാറിലുണ്ടായിരുന്നവർ കടന്നു കളഞ്ഞെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് സംഭവം തട്ടിക്കൊണ്ടുപോകൽ ശ്രമമല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.



