എസ്എംഎ ബാധിച്ച കുഞ്ഞുങ്ങൾക്ക് പരീക്ഷണ മരുന്നുകളോ? സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങൾക്ക് മരുന്ന് വിതരണം ചെയ്തതിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ഉപയോഗത്തിനുള്ള ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം എസ്എടി ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളിൽ ‘ഫിസിഷ്യൻ സാമ്പിൾ’, ‘ഫോർ ക്ലിനിക്കൽ ട്രയൽസ് ഓൺലി’ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന രക്ഷിതാക്കളുടെ ആരോപണം ഗൗരവത്തോടെ കാണണം. സംഭവത്തിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും മരുന്ന് സംഭരണച്ചട്ടങ്ങളുടെയും ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോയെന്ന ആശങ്കയും പ്രതിപക്ഷ നേതാവ് ഉയർത്തി. വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
എസ്എംഎ. രോഗികൾക്ക് ദീർഘകാലമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മരുന്നുകൾ സൗജന്യമായി ലഭ്യമാക്കിയിരുന്ന പദ്ധതികളെ സർക്കാർ അട്ടിമറിക്കുകയാണ്. രോഗികളുടെ കൂട്ടായ്മയായ ‘ക്യൂർ എസ്എംഎയുടെ ആശങ്കകൾ അവഗണിച്ചെന്നും വിഷയത്തിൽ നേരത്തെ കത്ത് നൽകിയിട്ടും മറുപടിയോ നടപടിയോ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.




