CPIM കേരള ഘടകത്തിൽ ICC നിലവിൽ വന്നു; ഇനി മുതൽ പാർട്ടിയിലെ പീഡന പരാതികൾ ആഭ്യന്തര പരാതി പരിഹാര സമിതി പരിശോധിക്കും

തിരുവനന്തപുരം: സിപിഐഎം കേരള ഘടകത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിലവിൽ വന്നു. ടി എൻ സീമ അധ്യക്ഷയായ അഞ്ചംഗ അംഗ സമിതി രൂപീകരിച്ചു. പാർട്ടിയിലെ പീഡന പരാതികൾ ഇനി മുതൽ ഈ കമ്മിറ്റിയാകും പരിശോധിക്കുക. എൻ.ചന്ദ്രൻ, എം.വിജയകുമാർ, പി.കെ സൈനബ, ടി.ഗീനാകുമാരി എന്നിവരാണ് സമിതിയിൽ ഉള്ളത്. കേന്ദ്രകമ്മിറ്റി നിർദ്ദേശ പ്രകാരമാണ് ഐസിസി രൂപീകരിച്ചത്. നേരത്തെ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായി നടപ്പായിരുന്നില്ല.
പരാതികൾ പാർട്ടി കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കും. ഐസിസിയുടെ തീരുമാനം അന്തിമമായിരിക്കും. പാർട്ടി കമ്മിറ്റികൾക്ക് മാറ്റം വരുത്താനാകില്ല. ബന്ധപ്പെട്ട ഘടകങ്ങളിലെ ഐസിസിയാകും പരാതികളിൽ അന്വേഷണം നടത്തി തീരുമാനം എടുക്കുക. തീരുമാനത്തിന് എതിരെ അപ്പീൽ ഉണ്ടെങ്കിൽ മേൽക്കമ്മിറ്റിയിലെ ഐസിസി പരിഗണിക്കും. ഐസിസി പാർട്ടി ഘടകങ്ങളിൽ അവശ്യ സംവിധാനമായി മാറ്റണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശിക്കുന്നത്. ലിംഗസമത്വത്തിലൂന്നിയ പുരോഗമനം പ്രകടിപ്പിക്കുന്ന പാർട്ടിയെന്ന നിലയിലാണ് ഐസിസി രൂപീകരിക്കാനുള്ള നിർണായക തീരുമാനം കേന്ദ്ര കമ്മിറ്റി കൈകൊണ്ടത്.




