Uncategorized

ശ്രദ്ധയ്ക്ക് മുംബൈയിലെ ‘സെഡ് ഗ്യാങ്ങു’മായി ബന്ധം, നാഗ്പുരിലേക്ക് എത്തിയത് ഒളിത്താവളം തേടിയെന്ന് പൊലീസ്

ലക്നൗ: ഉത്തർ പ്രദേശിലെ ലക്നൗവിൽ റെസ്റ്റോറൻ്റ് ഉടമയുടെ മരണത്തിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ശ്രദ്ധ ദുബെയ്ക്ക് മുംബൈയിലെ സെഡ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്. ശ്രദ്ധയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിച്ചതെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. ശ്രദ്ധയ്ക്ക് അഭയം നൽകാമെന്നും നാഗ്പുരിലെ ഫാം ഹൗസിൽ ഒളിവിൽ പാർക്കാൻ സൗകര്യം ഒരുക്കാമെന്നും സെഡ് ഗ്യാങ് ഉറപ്പ് നൽകിയിരുന്നതായാണ് പൊലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇതനുസരിച്ചാണ് യുവതി നാഗ്പുരിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവാവിൻ്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശ്രദ്ധയെ നാഗ്പുരിൽ നിന്നാണ് ലക്നൗ പൊലീസ് പിടികൂടിയത്.

ഈ മാസം ഒൻപതിനാണ് റെസ്റ്റോറൻ്റ് ശൃംഖലകളുടെ ഉടമയും ശ്രദ്ധയുടെ സുഹൃത്തുമായ ശിവ ശർമ (28) ശ്രദ്ധ താമസിച്ചിരുന്ന നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചത്. ശിവയുടെ മരണത്തിന് പിന്നിൽ ശ്രദ്ധയ്ക്ക് പങ്കുണ്ടെന്ന് യുവാവിൻ്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിൻ്റെ പരാതിയിൽ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ശ്രദ്ധ സഹോദരി രശ്മി ദുബെ, ഡ്രൈവർ ഡാനിഷ് എന്നിവർക്കൊപ്പം ഒളിവിൽ പോയത്. ശിവയുടെ മരണം കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നും തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രദ്ധ പ്രതികരിച്ചിരുന്നു. ഇന്ത്യയിലും നേപ്പാളിലുമായി ഒളിവിൽ കഴിഞ്ഞ പ്രതി, ചൊവ്വാഴ്ച നാഗ്പുരിൽ വെച്ചാണ് പിടിയിലായത്.

ലക്നൗവിൽ നിന്ന് നേപ്പാളിലേക്ക് കടന്ന പ്രതി, അവിടെ തുടർന്ന ശേഷം ലക്നൗവിലേക്ക് തന്നെ മടങ്ങുകയും പിന്നീട് ആഗ്രയിൽ എത്തിയ ശേഷം നാഗ്പുരിലേക്ക് കടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, ഉത്തർ പ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, മഹാരാഷ്ട്ര പൊലീസ് എന്നിവരുടെ സഹായത്തോടെ ആണ് ലക്നൗ പൊലീസ് പ്രതിയെ പിടികൂടിയത്. ഫേസ്ടൈം ആപ്പ് വഴിയാണ് ശ്രദ്ധ സെഡ് ഗ്യാങ്ങിനെ ബന്ധപ്പെട്ടിരുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. വിശദമായ അന്വേഷണത്തിന് ശ്രദ്ധയുടെ പക്കൽ നിന്ന് പൊലീസ് മൂന്ന് ഐഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button