എസ്എഫ്ഐ മാർച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്

പാലക്കാട്: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഇയാള്‍ മദ്യപിച്ചിരുന്നതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്നലെ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 11 ന് എസ്എഫ്ഐ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മദ്യപിച്ച് എത്തിയ സഫാദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.
ഡല്‍ഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയില്‍വേ സ്റ്റേഷന് മാര്‍ച്ചിനിടെ മദ്യപിച്ച് വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇടിവള ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് എസ്എഫ്ഐ പരാതിപ്പെട്ടിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിന്‍ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരന് പച്ചക്ക് തെറി വിളിച്ചുവെന്നും വിപിന്‍ ആരോപിച്ചു. തങ്ങള്‍ പരാതി പറഞ്ഞപ്പോള്‍ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആര് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എസ്എഫ്ഐ പറഞ്ഞു. ഓപ്പറേഷന് തൂഫാന് ആദ്യം നടപ്പിലാക്കേണ്ടത് രമേശ് ചെന്നിത്തലയുടെ പൊലീസ് സേനയിലാണ് എന്നും എസ്എഫ്ഐ വിമര്‍ശിച്ചു.
പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും എസ്എഫ്ഐ പ്രതിഷേധിച്ചു. കോട്ടയത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. കോട്ടയം ഗാന്ധി സ്ക്വയറിനു മുന്പില് ആണ് റോഡ് ഉപരോധം നടന്നത്.




