Uncategorized

കൊട്ടിയൂർ ഐതിഹ്യം മോഹിനിയാട്ട രൂപത്തിൽ അരങ്ങിലേക്ക്: ‘കൊട്ടിയൂർ ശക്തിഗാഥ’ 12-ന് തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിൽ

​കണ്ണൂർ: പ്രകൃതിയും ദൈവവും ഒന്നാകുന്ന പ്രശസ്തമായ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഐതിഹ്യകഥ ഇനി മോഹിനിയാട്ട വേദിയിലേക്ക്. ബർണശ്ശേരി മുദ്ര കലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നാട്യകലാനിധി കലാവതിയാണ് ‘കൊട്ടിയൂർ ശക്തിഗാഥ’ എന്ന പേരിൽ ഈ നൃത്താവിഷ്‌കാരം ഒരുക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12-ന് വൈകീട്ട് 7.30-ന് തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിൽ വെച്ചാണ് അരങ്ങേറ്റം നടക്കുക.
​കൊട്ടിയൂർ പ്രദേശം ദക്ഷയാഗത്തിന് വേദിയായെന്ന ഐതിഹ്യകഥയെ ‘സതി’ എന്ന സ്ത്രീ കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെയാണ് ഈ മോഹിനിയാട്ടത്തിൽ അവതരിപ്പിക്കുന്നത്. പ്രണയം, ഭക്തി, ത്യാഗം എന്നിവ സമന്വയിപ്പിച്ചാണ് കഥ അരങ്ങിലെത്തിക്കുന്നത്. ദക്ഷന്റെ കാളിന്ദിസ്ഥാനം, സതിയുടെ ശിവഭക്തി, വിവാഹം, ദക്ഷയാഗം, ദക്ഷന്റെ അവഹേളനം, സതിയുടെ ആത്മത്യാഗം, യാഗവിഘ്നം, ഒടുവിൽ പരമശിവൻ പ്രത്യക്ഷപ്പെട്ട് ദക്ഷനെ അജമുഖനാക്കുന്നതുവരെയുള്ള ഐതിഹ്യ സന്ദർഭങ്ങളിലൂടെയാണ് ഈ നൃത്താവിഷ്‌‌കാരം കടന്നുപോകുന്നത്.
​മുമ്പും സ്ത്രീപ്രാധാന്യമുള്ള നിരവധി പ്രശസ്ത കൃതികൾ കലാവതി അരങ്ങിലെത്തിച്ചിട്ടുണ്ട്. ഒ.എൻ.വി.യുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’, ‘അമ്മ’, കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’, ഗിരീഷ് കർണാടിന്റെ ‘നാഗമണ്ഡല’, ‘കടാങ്കോട്ട് മാക്കം’ എന്നിവ ഇതിൽ ചിലതാണ്.
​കലാമണ്ഡലം ഗണേശനാണ് ‘കൊട്ടിയൂർ ശക്തിഗാഥ’യുടെ വരികൾ തയ്യാറാക്കിയിരിക്കുന്നത്. സ്വരാഗ് മാഹിയാണ് സംഗീതസംവിധാനവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. മുദ്ര കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളായ വിഷ്ണുപ്രിയ അജയഘോഷ്, കെ.വി. വിസ്മയ, ഉണ്ണിമായ പ്രകാശൻ, മയൂഖ ഷാജി, അയന അഖിലേഷ്, ശിവാനി ഗിരീഷ്, അശ്വിക ഷാരോൺ, ചന്ദ്രബാല സവിത്, എ.വി. പാർവതി, എം.വി. അനിന്ദിത പദ്മബാല, ഗോപനന്ദ രാജേഷ്, സനിക കല്യാണി എന്നിവരാണ് ഇതിൽ അണിനിരക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button