ടൈഗർ ഷ്റോഫിനെതിരായ വെടിവെയ്പ്പ്: 17 കാരനടക്കം 3 പ്രതികൾ പിടിയിൽ; ബിഷ്ണോയ് ഗ്യാസുമായി ബന്ധമെന്ന് സൂചന, ബോളിവുഡ് താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു

മുംബൈ: മുംബൈയിൽ ഇന്നലെ രാത്രി ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിൽ പ്രതികൾ പിടിയിൽ. വെടിവെയ്പിനു ശേഷം പൂനെ – ജയ്പൂർ എക്സപ്രസ് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ വച്ചാണ് പിടികൂടിയത്. ഇവർ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുളളവരെന്നാണ് സൂചന. ഇന്നലെ നടന്ന ആക്രമണത്തിൽ ടൈഗർ ഷ്റോഫിനും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിരുന്നു. പ്രതികൾ പിടിയിലായതിന് പിന്നാലെ മാഫിയകളുടെ അക്രമത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി.
ബോളിവുഡ് താരങ്ങളുടെ സുരക്ഷ കൂട്ടി
ടൈഗർ ഷ്റോഫിന് നേരെ വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്കകമാണ് മൂന്ന് പ്രതികളും പിടിയിലായത്. ബിഹാർ സ്വദേശി ഹൃതിക് കുമാർ, ഹരിയാന സ്വദേശി രേഹൻ, ഒരു പതിനേഴുകാരൻ എന്നിവരാണ് പ്രതികൾ. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഫുട്ബോൾ കളിച്ചു മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിനു നേരെ പ്രതികൾ വെടിയുതിർത്തത്. ആക്രമണത്തിൽ നടന്റെ ഡ്രൈവർ ഫിർദോസിനും ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ടൈഗർ ഷ്റോഫ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയ് ഗ്യാങ്, സൽമാൻ ഖാനൊപ്പം നിന്നാൽ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. നേരത്തെ വധഭീഷണയുണ്ടായിരുന്നില്ലെന്നും സൽമാനുമായി അടുത്ത ബന്ധമില്ലെന്നുമായിരുന്നു ടൈഗർ ഷ്റോഫിന്റെ വിശദീകരണം. അക്രമികൾ ഭീരുക്കളെന്നും ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ അന്ധേരി റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ ബൈക്കുപേക്ഷിച്ചാണ് ബോറിവലിയിലെത്തിയത്. പിന്നാലെ പൂനെ – ജയ്പൂർ എക്സ്പ്രസിൽ കടന്നുകളയാനായിരുന്നു ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്ന മുംബൈ പൊലീസ് ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും ചിത്രങ്ങൾ കൈമാറി. കോട്ടയിലിറങ്ങിയ പ്രതികളെ രാജ്സഥാൻ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സ് വളയുകയായിരുന്നു. പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിനിടെ മഹാരാഷ്ട്ര സർക്കാർ ബോളിവുഡ് താരങ്ങളുടെ സുരക്ഷ കൂട്ടി.



