സതീശന്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരില്‍ ഒരാൾ; പരിഹാസവുമായി പി രാജീവ്

തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍ വരുമ്പോള്‍ സതീശന്‍ പൂമാല തയ്യാറാക്കി വെച്ചിരുന്നെന്നും അദ്ദേഹം അറിയാതെയാണ് ആരോ കരിങ്കോടി കാണിച്ചതെന്നും സിപിഐഎം നേതാവ് പി രാജീവിന്റെ പരിഹാസം. പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരില്‍ ഒരാളാണ് സതീശന്‍. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്ന സംസ്ഥാനമാണ് കേരളം. നീറ്റ് സമരത്തില്‍ സമരക്കാര്‍ക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സര്‍ക്കാര്‍ കേരളത്തിലാണെന്നും രാജീവ് കുറ്റപ്പെടുത്തി. ബിജെപിക്ക് മുന്നില്‍ നല്ല കുട്ടിയായിരിക്കുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ ഐക്യം നഷ്ടമായി കഴിഞ്ഞെന്നും ടീം യുഡിഎഫ് എന്നൊന്ന് ഇപ്പോള്‍ ഇല്ലെന്നും സിപിഐഎം നേതാവ് വി എന്‍ വാസവനും വിമർശിച്ചു. ഇപ്പോള്‍ ഐക്യം നഷ്ടമായ മുന്നണിയാണ് യുഡിഎഫ്. യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം അതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ട്ടിയില്‍ പോലും പിന്തുണ ഇല്ലെന്നും തനിഷ്ടപ്രകാരമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിമുഖ്യമന്ത്രിയുടെ താല്‍പ്പര്യ പ്രകാരമാണ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമം നടത്തിയതെന്നും പി രാജീവ് ആരോപിച്ചു. പൊലീസ് കാട്ടിയത് ക്രൂരതയാണ്. നേതൃത്വം അറിയാതെ ഇത്തരം ഒരു നടപടി ഉണ്ടാകില്ലെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പൊലീസ് കാണിക്കുന്നത് തെമ്മാടിത്തമാണെന്നും രണ്ട് കയ്യും ഒടിഞ്ഞ വിദ്യാര്‍ത്ഥിയെ ക്യാമ്പസില്‍ കയറി അറസ്റ്റ് ചെയ്‌തെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും രൂക്ഷ വിമര്‍ശനമുയര്‍ത്തി. എന്താണ് അവന്‍ ചെയ്ത തെറ്റ്. അതിന് പൊലീസ് മറുപടി പറയണം. ഇത് തുടങ്ങി വെച്ചത് ആരാണ് എന്നത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയല്ലോ. കൂവി വിളിച്ചതിന്റെ പേരില്‍ ആദ്യം യൂത്ത് കോണ്‍ഗ്രസ് തീപന്തം എറിഞ്ഞതാണെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി. താന്‍ എന്തിനാണ് ഹോസ്റ്റലില്‍ എന്നാണ് അബിന്‍ വര്‍ക്കി എംഎല്‍എ ചോദിച്ചത്. വിദ്യാര്‍ത്ഥികള്‍ ഉള്ളിടത്ത് നമ്മള്‍ ഉണ്ടാകും. എംഎല്‍എമാര്‍ അവിടെ എത്തിയിട്ടും, പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചോ? പൊലീസിന് എതിരെ നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.




