Uncategorized

ജനവാസമേഖലകൾ ഭീതിയിൽ; കഞ്ചിക്കോട് വീണ്ടും കാട്ടാനയിറങ്ങി

ജനവാസമേഖലകളെ വീണ്ടും ഭീതിയിലാഴ്ത്തി പാലക്കാട് കാട്ടാനയിറങ്ങി. കഞ്ചിക്കോട് പനങ്കാട് മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. ഐ ഐ ടിയുടെ ഭാഗത്ത് ഏറെ നേരം ആന നില ഉറപ്പിക്കുകയായിരുന്നു. പിന്നീട് ആർ ആർ ടി സംഘമെത്തിയാണ് ആനയെ ഓടിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. എന്നാൽ കാട്ടാനശല്യം തടയുന്നതിനായി വനംവകുപ്പിന്റെ ഭാ​ഗത്തുനിന്ന് കൃത്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന ശക്തമായ ആക്ഷേപവും ഉയരുകയാണ്.

അതേസമയം, നാദാപുരം മലയോര മേഖലയും കാട്ടാന ഭീതിയിലാണ്. വിലങ്ങാട് മലയങ്ങാടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. പ്രദേശവാസിയായ വയോധിക തലനാരിടയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

വിലങ്ങാട് മലയങ്ങാടാണ് രാത്രിയിൽ കാട്ടാന ഭീതി വിതച്ചത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആന വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. കണ്ണവം വനമേഖലയിൽ നിന്നാണ് ആന ജനവാസ സ്ഥലത്തേലേക്ക് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button