മുഖ്യമന്ത്രിക്ക് ചുറ്റും തിക്കും തിരക്കും; സുരക്ഷ ശക്തമാക്കാൻ പൊലിസ്

തിരുവനന്തപുരം: പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ചുറ്റുമുള്ള തിക്കും തിരക്കും സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കാൻ പൊലിസ് തീരുമാനിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലിസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിപാടികളിൽ മുഖ്യമന്ത്രിക്ക് തൊട്ടടുത്തേക്ക് ആളുകൾ എത്തുന്നതും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതും വലിയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനുപുറമെ പ്രതിപക്ഷ സംഘടനകളുടെ ഭാഗത്തുനിന്നുള്ള കരിങ്കൊടി പ്രതിഷേധങ്ങളും സുരക്ഷ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ഇടുക്കിയിലെ പരിപാടിക്കിടെയുണ്ടായ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി തന്നെ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു.
സുരക്ഷ ശക്തമാക്കാൻ പൊലിസിന് നിർദ്ദേശം നൽകുമ്പോഴും ജനങ്ങളെ മാറ്റിനിർത്തിയുള്ള യാതൊരു സുരക്ഷയും വേണ്ടെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. പൊതുജനങ്ങൾക്കിടയിൽ നിന്ന് അകന്നുനിൽക്കുന്ന രീതിയിലുള്ള സുരക്ഷയൊരുക്കരുതെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനകീയ ബന്ധത്തിന് കോട്ടം തട്ടാത്ത വിധം സുരക്ഷ ക്രമീകരിക്കാനാണ് നിലവിലെ തീരുമാനം.




