Uncategorized

ആറളത്ത് ‘ഓപ്പറേഷൻ മഗ്ന’യ്ക്കിടെ ഗുരുതര സുരക്ഷാ വീഴ്ച; കുങ്കിയാനകൾ സഞ്ചരിച്ച ലോറി വൈദ്യുതി ലൈനിൽ തട്ടി

​ആറളം:
ആറളം പുനരധിവാസ മേഖലയിൽ ഭീതി പരത്തിയ മോഴയാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ മഗ്ന’ വിജയകരമായി പൂർത്തിയായെങ്കിലും, ദൗത്യത്തിനിടയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. കുങ്കിയാനകളെ കയറ്റി സഞ്ചരിച്ച ലോറി വൈദ്യുതി ലൈനിൽ തട്ടിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
​മയക്കുവെടിയേറ്റ ആനയെ താങ്ങിനിർത്തി വാഹനത്തിൽ കയറ്റാൻ സഹായിക്കുന്നതിനാണ് കുങ്കിയാനകളായ വിക്രമിനെയും ഉണ്ണികൃഷ്ണനെയും എത്തിച്ചിരുന്നത്. രാവിലെ തന്നെ ഇവയെ വളയഞ്ചാലിൽ വാഹനത്തിൽ കയറ്റി നിർത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മോഴയാനയ്ക്ക് മയക്കുവെടിയേറ്റതിനെ തുടർന്ന്, ആറളം ഫാം 13-ാം ബ്ലോക്ക് ലക്ഷ്യമാക്കി കുങ്കിയാനകളുമായി ലോറികൾ പുറപ്പെട്ടു.
​ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിൽ എത്തിയപ്പോഴാണ് മുന്നിൽ സഞ്ചരിച്ചിരുന്ന ‘വിക്രമിനെ’ കയറ്റിയ ലോറി വൈദ്യുതി ലൈനിൽ തടഞ്ഞത്. വൈദ്യുതി ലൈനിലെ കമ്പി ആനയുടെ സുരക്ഷയ്ക്കായി ഒരുക്കിയ കൂടിന്റെ മരത്തിൽ കുടങ്ങിയതിനെത്തുടർന്ന് ലൈനുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപ്പൊരിയുണ്ടായി. ഉടൻതന്നെ കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന് ലോറിയിൽ കുടുങ്ങിയ വൈദ്യുതി കമ്പി നീക്കം ചെയ്ത ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഇതിനുപിന്നാലെ ‘ഉണ്ണികൃഷ്ണനെ’ കയറ്റിയ ലോറിയും ഇതേ പാതയിലൂടെ കടന്നുപോയി.
​സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
കുങ്കിയാനകളുമായി ലോറികൾ ദൗത്യസ്ഥലത്തേക്ക് എത്തുന്നതിന് മുന്നേ യാത്രാപാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരുന്നതാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ ഭാഗ്യം കൊണ്ട് മാത്രമാണ് കുങ്കിയാനയും ലോറിയിലുണ്ടായിരുന്ന ജീവനക്കാരും വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്.
​സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മോഴയാനയെ പിടികൂടി മുത്തങ്ങയിലേക്ക് കൊണ്ടുപോകുന്നതുവരെ ആറളം പുനരധിവാസ മേഖലയിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിച്ചാണ് പിന്നീട് അധികൃതർ തുടർനടപടികൾ സ്വീകരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button