Uncategorized

റോഡിൻ്റെ വീതി കൂട്ടാൻ പള്ളി പൊളിക്കാൻ നീക്കം; ഉജ്ജയ്നിൽ സംഘർഷം

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ റോഡ് വീതികൂട്ടുന്നതിൻ്റെ ഭാഗമായി ചരിത്ര പ്രസിദ്ധമായ ഷാഹി മസ്ജിദിൻ്റെ ഒരുഭാഗം പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പൊളിക്കാൻ എത്തിയവരുമായി ജനക്കൂട്ടം ഏറ്റുമുട്ടി.സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. തുടർന്ന് ഷാഹി മസ്ജിദ് സമുച്ചയത്തിൻ്റെ പരിസരത്ത് പൊലീസ് വിന്യാസം ശക്തമാക്കി. പ്രതിഷേധത്തെ തുടർന്ന് പൊളിക്കൽ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.മസ്ജിദിൻ്റെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ പൊലീസ് ബാരിക്കേഡ് വിന്യസിക്കുകയും പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി നഗരത്തിലെ റോഡ് 15 മീറ്ററായി വീതികൂട്ടാനാണ് ഉജ്ജയ്ൻ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിൻ്റെ ഭാഗമായി ഷാഹി മസ്ജിദിൻ്റെ മുൻഭാഗവും 120 അടി ഉയരമുള്ള മിനാരവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതോടെ ഇന്നലെ രാത്രി മുതൽ തന്നെ പ്രദേശവാസികളായ നൂറുകണക്കിന് ആളുകൾ പള്ളിക്കു ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ അധികൃതർ പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം ശക്തമാവുകയും പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.

പൊളിക്കലിനെതിരെയുള്ള ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button