ബിസിനസുകാരനെ കൊല്ലുമ്പോൾ ക്വട്ടേഷൻ നൽകിയ മരുമകൾ നിശാപാർട്ടിയിൽ; ‘നീ സുന്ദരൻ’, വീട്ടുജോലിക്കാരനുമായി അടുപ്പമുണ്ടാക്കി അരുംകൊല

കാൻപുർ: ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ വിനീത് മിനോച്ച(63)യുടെ കൊലപാതകത്തിൽ മകനും നിരീക്ഷണത്തിൽ. വിനീതിന്റെ മകൻ സുഭ്രതിന്റെ ഭാര്യ ഷാലു(36)വാണ് ക്വട്ടേഷൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയും ഷാലുവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിനീതിന്റെ മകനും ഷാലുവിന്റെ ഭർത്താവുമായ സുഭ്രതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ സുഭ്രതിന് പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് കാൻപുരിലെ ആഡംബര ഫ്ളാറ്റിൽവെച്ച് വിനീത് മിനോച്ച കൊല്ലപ്പെട്ടത്. വിനീതിന്റെ മുൻ വീട്ടുജോലിക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവം മരുമകളുടെ ക്വട്ടേഷനാണെന്ന് കണ്ടെത്തിയത്. ഇതോടെ മരുമകൾ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷാലു സ്ഥിരമായി നിശാപാർട്ടികളിൽ പങ്കെടുക്കാൻ പോകുന്നതിനെയും രാത്രി വൈകി വീട്ടിലെത്തുന്നതിനെയും വിനീത് എതിർത്തിരുന്നു. മാത്രമല്ല, മരുമകളുടെ നീക്കങ്ങൾ അറിയാനായി വീട്ടിലാകെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. മരുമകൾക്കും മകനും ആവശ്യമുള്ള പണം നൽകിയിരുന്നതും വിനീതായിരുന്നു. ഓരോ ആവശ്യത്തിനും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ട സാഹചര്യവും മരുമകളുടെ പകയ്ക്ക് കാരണമായി. ഇതെല്ലാമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്നാണ് വീട്ടിലെ മുൻജോലിക്കാരനായ വിശാലുമായി അടുപ്പം സ്ഥാപിച്ച് ഷാലു കൊലപാതകം ആസൂത്രണംചെയ്തത്. കൃത്യം നടത്തിയാൽ ആറുലക്ഷം രൂപ നൽകാമെന്നും ഷാലു വാഗ്ദാനംചെയ്തിരുന്നു.




