Uncategorized

പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ തടഞ്ഞു, മുഖ്യമന്ത്രി കേരളത്തെ കൊണ്ടുപോകുന്നത് അടിയന്തരാവസ്ഥയിലേക്ക്: പി രാജീവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തെ കൊണ്ടുപോകുന്നത് അടിയന്തരാവസ്ഥയിലേക്കെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്തത് പൊലീസുകാരായിരുന്നു. അതിന് സമാനമായാണ് പൊലീസിന്റെ ഇടപെടല്‍. ഇന്നലെ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ തടഞ്ഞു. ഇന്ന് പൊലീസ് എത്തി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ടോ ഇല്ലയോ എന്ന് വിശദീകരിക്കുകയാണുണ്ടായതെന്നും പി രാജീവ് പറഞ്ഞു.

മാധ്യമങ്ങളെ കാണുന്നതും കാണാതിരിക്കുന്നതും മുഖ്യമന്ത്രിയുടെ ഇഷ്ടമാണ്. അല്ലാതെ തീരുമാനിക്കേണ്ടത് പൊലീസല്ല. മാധ്യമങ്ങളോട് പെരുമാറുന്നത് മോശമായാണ്. മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല. സ്‌പോണ്‍സര്‍ ആരായാലും ആ സൗകര്യം കൈപ്പറ്റാന്‍ പാടില്ല. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ കേരളം മുഴുവന്‍ ഓടി നടന്ന ആളാണെന്നാണല്ലോ മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ആ സമയത്ത് സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ചില്ലേയെന്ന് പി രാജീവ് ചോദിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് വി ഡി സതീശനുള്ളതല്ല. മുഖ്യമന്ത്രി എന്ന പദവിക്കുള്ളതാണെന്നും പി രാജീവ് പറഞ്ഞു. ചട്ടവിരുദ്ധമായാണ് സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗിക്കുന്നത്. ആനുകൂല്യം വാങ്ങാന്‍ വരുന്നവരല്ല സ്‌പോണ്‍സര്‍മാര്‍ എന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ പറഞ്ഞത് എന്താന്നെന്ന് ഓര്‍ക്കണം. ജനവിധി എന്തും ചെയ്യാനുള്ള അധികാരം ആണെന്ന് തെറ്റിദ്ധരിക്കരുതെന്നും പി രാജീവ് പറഞ്ഞു.

വിമാന യാത്ര വിവാദമായ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശന്‍ കയര്‍ത്തിരുന്നു. ഇടുക്കി കളക്‌ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു അദ്ദേഹം ക്ഷുഭിതനായത്. ഇന്ന് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന നിര്‍ദേശവുമായി പൊലീസും രംഗത്തെത്തിയിരുന്നു. കൊച്ചിയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് മൈക്കുമായി പോകരുതെന്നും മാറിനില്‍ക്കണം എന്നുമായിരുന്നു എറണാകുളം എസിപി പീറ്റര്‍ കെ ജെ നിര്‍ദേശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button