ആറളത്ത് ‘ഓപ്പറേഷൻ കെ എം വൺ’ വരുന്നു; മോഴയാനയെ പിടികൂടാൻ കുങ്കിയാനകൾ വളയംചാലിലെത്തി

ആറളം: ആറളം ഫാമിനും പുനരവാസ മേഖലയിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടുവാനുള്ള ദൗത്യത്തിനായി കുങ്കിയാനകൾ ആറളത്തെത്തി. ‘ഓപ്പറേഷൻ കെ എം വൺ’ (Operation KM 1) എന്ന പേരിൽ നടപ്പിലാക്കുന്ന ദൗത്യം അടുത്ത ദിവസം തന്നെ ആരംഭിക്കും. മുത്തങ്ങ ആനക്യാമ്പിൽ നിന്നുള്ള കൊമ്പന്മാരായ വിക്രമിനെയും ഭരതിനെയും കഴിഞ്ഞ രാത്രിയോടെയാണ് ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വളയംചാലിൽ എത്തിച്ചത്.
പിടികൂടുന്ന മോഴയാനയെ സുരക്ഷിതമായി മുത്തങ്ങയിൽ എത്തിച്ച് പാർപ്പിക്കുന്നതിനുള്ള ആനക്കൊട്ടിലിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ദൗത്യത്തിനായി മൂന്നാമതൊരു കുങ്കിയാനയെ കൂടി എത്തിക്കുവാനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്. മോഴയാനയെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് കൂടുതൽ കുങ്കിയാനകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം നൽകിയ വിക്രമും നിരവധി ദൗത്യങ്ങളിൽ പങ്കാളിയായ ഭരതും എത്തിയത് ‘ഓപ്പറേഷൻ കെ എം വണ്ണിന്റെ’ മുന്നോടിയായാണ്. മോഴയാനയെ കണ്ടെത്തുന്നതിനായി വനം വകുപ്പിന്റെ ദ്രുതകർമ്മസേനയുടെ പ്രത്യേക നിരീക്ഷണവും തുടരുന്നുണ്ട്. മോഴയാനയെ കണ്ടെത്തി മയക്കുവെടി വെക്കുവാൻ അനുയോജ്യമായ സാഹചര്യം ലഭിക്കുന്നതോടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ തുടർനടപടികൾ ആരംഭിക്കും.
പരിചയസമ്പന്നരായ കുങ്കിയാനകൾ
രണ്ടുപേരുടെ ജീവനെടുത്ത കല്ലൂർ കൊമ്പൻ എന്ന ആനയാണ് ഭരത്. കല്ലൂർ കൊമ്പൻ എന്നറിയപ്പെടുന്ന ഭരത്തിനെ 2018-ലാണ് രണ്ടുപേരുടെ മരണത്തിന് കാരണമായതിനെ തുടർന്ന് മയക്കുവെടിവെച്ച് പിടികൂടി കുങ്കിയാനയാക്കിയത്. നാലുപേരുടെ ജീവനെടുത്ത വടക്കനാട് കൊമ്പനാണ് വിക്രം. വടക്കനാട് കൊമ്പൻ എന്നറിയപ്പെടുന്ന വിക്രമിനെ 2019-ലാണ് നാലുപേരുടെ മരണത്തിന് കാരണമായതിനെ തുടർന്ന് പിടികൂടി പരിശീലിപ്പിച്ച് കുങ്കിയാനയാക്കിയത്.
ഇപ്പോൾ ഈ രണ്ട് പ്രമുഖ കുങ്കിയാനകളുമാണ് ആറളത്തെ ജനവാസമേഖലയിൽ ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിനായി ആറളം വളയംചാലിൽ എത്തിയിരിക്കുന്നത്.



