ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ; ബിജെപിയിൽ കലഹം രൂക്ഷം, കോൺഗ്രസ് മൗനത്തിൽ

തിരുവനന്തപുരം: സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കലഹം രൂക്ഷം. വൈസ് പ്രസിഡൻറ് ഷോൺ ജോർജ് പുറത്തുവിട്ട പേരുകൾക്ക് പിന്നാലെ മുതിർന്ന നേതാവ് വി.മുരളീധരൻ വിവാദത്തിലായതാണ് ബിജെപിയിലെ പോരിന് കാരണം. ഡയറിയിലെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടും സിപിഐഎമ്മിന് പ്രതിഷേധം പോലുമില്ല. മുഖ്യമന്ത്രി ഉൾപ്പെടെ കൂടുതൽ നേതാക്കളുടെ പേരുകൾ പുറത്തു വന്നിട്ടും കോൺഗ്രസും മൗനത്തിലാണ്.
സിപിഐഎമ്മിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുക ലക്ഷ്യമിട്ടാണ് മാസപ്പടി കേസിലെ പരാതിക്കാരൻ കൂടിയായ ഷോൺ ജോർജ് ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ടത്. എന്നാൽ ഡയറി തിരിഞ്ഞുകൊത്തുന്ന അവസ്ഥയിലാണ് ബിജെപി.മിസ്റ്റർ മുരളി ബിജെപി എന്ന പേര് മറച്ചുവെച്ചാണ് ഷോൺ ജോർജ് ഡയറി പേജ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതെങ്കിലും അത് വി.മുരളീധരൻ എം.എൽ.എയാണെന്ന വ്യാഖ്യാനം വന്നതോടെ ബിജെപിയിൽ കലഹമാണ്.
മുരളീധരനെ വിവാദത്തിലാക്കാൻ ലക്ഷ്യമിട്ടാണോ എന്ന സംശയത്തിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിയിൽ പ്രശ്നമൊന്നുമില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കർത്തയുടെ ഡയറിയിൽ സംസ്ഥാന സെക്രട്ടറിയുടെ അടക്കം പേര് ഉണ്ടെന്ന വിവരം പുറത്തുവന്നിട്ടും സിപിഐഎം നേതൃത്വം ഇതേക്കുറിച്ച് മിണ്ടുന്നില്ല. ബിജെപിയിലെ പ്രശ്നങ്ങളിലാണ് പാർട്ടിയുടെ ശ്രദ്ധ.




