വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തു; ഒടുവിൽ മുതലയെ പിടികൂടി ദമ്പതികൾ

വനംവകുപ്പ് ഉദ്യോഗസ്ഥരെ എത്രനേരം കാത്തിരിക്കാനാകും? കാത്തിരിപ്പ് മതിയാക്കി നാലടി നീളമുള്ള മുതലയെ സ്വയം പിടികൂടി വനംവകുപ്പിന് കൈമാറി മധ്യപ്രദേശിലെ ഒരു കർഷക വനിത. ജബൽപൂർ ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൺപൂർ ഘാന ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളെയും കർഷകരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ മുതലയെയാണ് യുവതി സ്വയം പിടികൂടിയത്.
മീൻ കുളത്തിലെ മുതല
ഗ്രാമത്തിലെ കർഷകനായ ലക്പത് യാദവിന്റെ കൃഷിയിടത്തിലെ മീൻ കുളത്തിലാണ് നാലടി നീളമുള്ള മുതലയെ കണ്ടെത്തിയത്. കുളത്തിലുണ്ടായിരുന്ന മീനുകളെ കാണാതാവുകയും വെള്ളത്തിൽ ചത്ത മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ ഒഴുകിനടക്കുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് മുതലയെ കണ്ടെത്തുന്നത്.
ലക്പത് യാദവ് ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും സഹായത്തിനായി ആരും സ്ഥലത്തെത്തിയില്ല. ഗ്രാമവാസികൾക്കിടയിൽ ഭീതി വർധിച്ചതോടെ, കാത്തിരിപ്പ് അവസാനിപ്പിച്ച് യാദവും ഭാര്യയും ചേർന്ന് സ്വന്തമായി മുതലയെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.




